veedu

വെഞ്ഞാറമൂട്: മഴ കോരിച്ചൊരിഞ്ഞാലും പത്മകുമാരിഅമ്മയ്ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ പേടിയില്ലാതെ കഴിയാം. നെല്ലനാട് പഞ്ചായത്തിൽ വള്ളിക്കാട് ചരുവിള പുത്തൻവീട്ടിൽ 79കാരി പത്മകുമാരിഅമ്മയുടെ ദുരിത ജീവിതം കേരള കൗമുദി വാർത്തയാക്കിയിരുന്നു. മണ്ണ് കൊണ്ടുണ്ടാക്കിയ വീട്ടിൽ ഭർത്താവ് പ്രഭാകരൻ പിള്ളയുടെ മരണശേഷം പത്മകുമാരിഅമ്മ തനിച്ചാണ് താമസം. ദിവസങ്ങൾക്കു മുൻപ് പെയ്ത ശക്തമായ മഴയിൽ ഓടു മേഞ്ഞ വീട് ഭാഗികമായി തകർന്നിരുന്നു. പത്മകുമാരിഅമ്മയുടെ ദുരിത ജീവിതം പുറത്തു വന്നതോടെ വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.എ. റൈസ് ഇവരുടെ വീട് സന്ദർശിച്ചിരുന്നു. തുടർന്ന് വീടിന്റെ തകർന്ന ഓടുമേഞ്ഞ മേൽക്കൂര മാറ്റി പൂർണമായും ഷീറ്റിടുകയും ഭാഗികമായി തകർന്ന വീടിന്റെ ചുവരുകൾ നീക്കി, അടച്ചുറപ്പുള്ള വാതിലുകൾ സ്ഥാപിച്ച് പുനർനിർമിച്ചു നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഡി.കെ. മുരളി എം.എൽ.എ വീടിന്റെ താക്കോൽ പത്മകുമാരിഅമ്മയ്ക്ക് കൈമാറി. വെഞ്ഞാറമൂട് സി.ഐ വിജയ രാഘവൻ, വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എ.എ. റൈസ്, ബോർഡ് അംഗം അഡ്വക്കേറ്റ് ജയൻ, ജനമൈത്രി പൊലീസ് കോ ഒാർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്, നാട്ടുകാർ എന്നിവർ പങ്കെടുത്തു.