ന്യൂയോർക്ക്: അമേരിക്കൻ നടനും കൊമേഡിയനുമായ ജെറി സ്റ്റില്ലർ അന്തരിച്ചു. 92 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. പ്രശസ്ത ഹോളിവുഡ് നടൻ ബെൻ സ്റ്റില്ലർ മകനാണ്. ബെൻ സ്റ്റില്ലറാണ് മരണ വാർത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. നടിയും എഴുത്തുകാരിയുമായ എമി സ്റ്റില്ലർ മകളാണ്.
1950കളിൽ കോമഡി പരിപാടികളിൽ ഒന്നിച്ചഭിനയിച്ച നടി ആൻ മേറയാണ് ജെറി സ്റ്റിലറുടെ ഭാര്യ. ആൻ 2015ൽ മരിച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള കോമഡി ടീമായ 'സ്റ്റിലർ ആൻഡ് മേറ' യ്ക്ക് അമേരിക്കയിൽ ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. സെയ്ൻഫെൽഡ്, ദ കിംഗ് ഒഫ് ക്വീൻസ് തുടങ്ങിയ ടെലിവിഷൻ ഷോകളിലൂടെയാണ് സ്റ്റില്ലർ അറിയപ്പെടുന്നത്.
ഹോട്ട് പെർസ്യൂട്ട്, ഹെയർ സ് പ്രേ, ഹെവിവെയ്റ്റ്സ്, ദ ഇൻഡിപ്പെൻഡന്റ്, സൂലാൻഡർ, ദ ഹാർട്ട് ബ്രേക്ക് കിഡ് തുടങ്ങി അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2016ൽ പുറത്തിറങ്ങിയ സൂലാൻഡർ 2 ആണ് സ്റ്റില്ലർ അവസാനമായി അഭിനയിച്ച ചിത്രം.