moscow

മോസ്കോ: റഷ്യയിൽ മോസ്കോയ്ക്കടുത്ത് കെയർഹോമിലുണ്ടായ തീപിടിത്തത്തിൽ ഒമ്പത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ആറ് വൃദ്ധരുടെ നില അതീവ ഗുരുതരമാണ്. പ്രാദേശിക സമയം ഞായറാഴ്ച രാത്രിയോടെയാണ് ക്രാസ്നോഗോർസ്കിലെ സ്വകാര്യ കെയർ ഹോമിൽ തീപിടിത്തമുണ്ടായത്. ഒരു മണിക്കൂറോളം സമയമെടുത്താണ് തീ നിയന്ത്രണാവിധേയമാക്കിയത്. വൈദ്യുത തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കെയർഹോമിന്റെ ഡയറക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അപകട സമയത്ത് 37 പേർ കെട്ടിടത്തിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. തീപിടിത്തമുണ്ടായ ഉടൻ തന്നെ ജീവനക്കാർ താമസക്കാരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നെങ്കിലും ചലനശേഷി ഇല്ലാത്ത പലർക്കും പുറത്തുകടക്കാനാകാതെ പോകുകയായിരുന്നു. കാർബൺ മോണോസൈഡ് ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 66 നും 90നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. വേണ്ട സുരക്ഷാക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടി കെയർഹോമിനെതിരെ ക്രിമിനൽ കേസ് എടുത്തിരിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്.