തിരുവനന്തപുരം: കഴിഞ്ഞ ആറുമാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ലോക്ക് ഡൗണിന് ശേഷം നടക്കുന്ന സർവകലാശാല പരീക്ഷകളുമായി സഹകരിക്കില്ലെന്ന തീരുമാനവുമായി കേരള സർവകലാശാലയ്ക്ക് കീഴിലുള്ള യൂ.ഐ.ടിയികളിലെ താത്ക്കാലിക അദ്ധ്യാപകർ. കൊവിഡിനെ തുടർന്ന് മാറ്റിവെച്ച പരീക്ഷകൾ നടത്താൻ ഒരുങ്ങുമ്പോഴാണ് സർവകലാശാലകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനവുമായി അദ്ധ്യാപകർ രംഗത്തെത്തിയിരിക്കുന്നത്. മുപ്പത്തിരണ്ടോളം യു.ഐ.ടി സെൻററുകളിലെ താത്ക്കാലിക അദ്ധ്യാപകരാണ് പരീക്ഷയുമായി സഹകരിക്കില്ലെന്ന് അറിയിച്ചത്.
2019 സെപ്റ്റംബർ മുതലുള്ള ശമ്പളമാണ് ഇവർക്ക് ലഭിക്കാനുള്ളത്. സാമ്പത്തിക വർഷം അവസാനിച്ചതിനാൽ പുതിയ ഉത്തരവ് വേണമെന്ന സാങ്കേതിക പ്രശ്നമാണ് സർവകലാശാല ചൂണ്ടിക്കാണിക്കുന്നത്. മറ്റു കോളേജുകളിലെ താത്കാലിക അദ്ധ്യാപകർക്ക് ഇടക്കാലത്ത് ശമ്പളം അനുവദിച്ചപ്പോൾ യു.ഐ.ടി അദ്ധ്യാപകരെ അതിൽ ഉൾപ്പെടുത്തിയിരുന്നില്ല. അദ്ധ്യാപകർ നിസഹകരണം തുടരുന്ന പക്ഷം സർവകലാശാലയ്ക്ക് പരീക്ഷ നടത്തിപ്പ് ബുദ്ധിമുട്ടാകും.