കഴക്കൂട്ടം: നെഹ്റു ജംഗ്ഷൻ സ്വദേശിയായ എസ്. സരസ്വതി അമ്മാൾ ഇന്നലെ തുമ്പ പൊലീസ് സ്റ്റേഷനിലെത്തിയത് പരാതി പറയാനായിരുന്നില്ല. കെെയിൽ കരുതിയിരുന്ന പൊതിയുമായി കവാടത്തിൽ നിന്ന പൊലീസുകാരനോട് അവർ വന്ന കാര്യം അറിയിച്ചു, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം. എങ്ങോട്ട് പോകണമെന്നറിയാത്തതുകൊണ്ടാണ് സ്റ്റേഷനിലെത്തിയത്. വിവരം അറിഞ്ഞ എസ്.ഐ ഷാജി അമ്മാളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പിന്നാലെ അമ്മാൾ ദുരിതാശ്വാസ നിധിയിലേക്കായി കരുതിയിരുന്ന 15000 രൂപയും പൊലീസുകാർക്കായി വാങ്ങിയ പലഹാരപ്പൊതിയും എസ്.ഐക്ക് കെെമാറി. അമ്മാളിന്റെ നല്ല മനസിനെ അഭിനന്ദിക്കാൻ പൊലീസുകാരും മറന്നില്ല.