pic

തിരുവനന്തപുരം: പാറശ്ശാല നിയോജക മണ്ഡലത്തിൽ സമഗ്ര ആരോഗ്യസുരക്ഷാ പദ്ധതിയായ 'കനിവിന്റെ' ഭാഗമായി സഞ്ചരിക്കുന്ന ഹോമിയോ ക്ലിനിക് ആരംഭിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണുമായി ബന്ധപ്പെട്ട്, ജനങ്ങളുടെ സൗകര്യാർത്ഥമാണ് പദ്ധതി നടപ്പിലാക്കുന്നത്. പാറശ്ശാല മണ്ഡലത്തിലെ പത്ത് ഹോമിയോ ഡിസ്‌പെൻസറികളുടെ മേൽനോട്ടത്തിൽ ഈ മാസം 19വരെ മണ്ഡലത്തിലെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ക്ലിനിക്കുകൾ പ്രവർത്തിക്കും.കൊവിഡ് കാലത്ത് ആശുപത്രികളിൽ എത്തിച്ചേരാൻ കഴിയാത്ത രോഗികൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. ദിവസവും രാവിലെ ഒമ്പതുമുതൽ വൈകിട്ട് മൂന്നു വരെയായിരിക്കും ക്ലിനിക്കിന്റെ പ്രവർത്തനം.


മരുന്ന് ഉൾപ്പെടെയുള്ള സേവനങ്ങൾ തികച്ചും സൗജന്യമാണ്. ഇതിനോടൊപ്പം തന്നെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോമിയോ പ്രതിരോധമരുന്നുകൾ ആശാവർക്കർമാർ വീടുകളിലേക്ക് എത്തിച്ചു നൽകുന്നുമുണ്ട്. ഇതര സംസ്ഥാനത്തു നിന്നും ആളുകൾ എത്തുന്ന സ്‌ക്രീനിംഗ് പോയിന്റ് ഉള്ളതിനാൽ പാറശ്ശാല പഞ്ചായത്ത് അതീവ സുരക്ഷാ മേഖലയിൽ ഉൾപ്പെട്ടിട്ടുണ്ട്.