നാഗർകോവിൽ: മാലദ്വീപിൽ നിന്ന് തമിഴ്നാട്ടിലെത്തിയ 147 തമിഴ്നാട് സ്വദേശികളെ കന്യാകുമാരി ജില്ലയിലെ ലോഡ്ജുകളിൽ ക്വാറന്റൈൻ ചെയ്തു. മാലദ്വീപ് തലസ്ഥാനമായ മാലെയ്ക്കടുത്തുള്ള വെലന തുറമുഖത്തു നിന്ന് തിരിച്ച നാവികസേനാ കപ്പൽ ഞായറാഴ്ച് രാവിലെ 11 മണിക്ക് കൊച്ചിയിൽ എത്തിയിരുന്നു. അവിടെ നിന്ന് 7 തമിഴ്നാട് ട്രാൻസ്‌പോർട് ബസുകളിലും 5 കാറുകളിലുമായിട്ട് തമിഴ്നാട് സ്വദേശികളെ കളിയിക്കാവിളയിൽ എത്തിച്ചത്. വിളവൻകോട് സ്വദേശികളായ 57 പേരെ കളിയിക്കാവിളയിലെ ലോഡ്ജിലും, കിള്ളിയൂർ താലൂക്ക് സ്വദേശികളായ 30 പേരെ കൊല്ലങ്കോട് സ്വകാര്യ ലോഡ്ജിലും തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലുള്ള 60 പേരെ കന്യാകുമാരി ലോഡ്ജിലുമായി ക്വാറന്റൈനിലാക്കി. ലോഡ്ജുകളിൽ സുരക്ഷയ്ക്കായി ആരോഗ്യ പ്രവർത്തകരെയും പൊലീസിനെയും നിയോഗിച്ചു.