മെക്സിക്കോ സിറ്റി: മെക്സിക്കൻ ജയിലിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ മെക്സിക്കൻ മാഫിയ തലവൻ മോയ്സെസ് എസ്കമില്ല മേയ് കൊവിഡിനെ തുടർന്ന് മരിച്ചു. ലോസ് സെറ്റാസ് എന്ന ക്രിമിനൽ സംഘത്തിന്റെ തലവനായിരുന്നു 45 കാരനായ എസ്കമില്ല. 12ഓളം പേരെ കഴുത്തറുത്ത് കൊന്നതുൾപ്പെടെ ഒട്ടേറെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി 37 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുകയായിരുന്നു എസ്കമില്ല.
ഗോർഡോ മേയ് അഥവാ ഫാറ്റ് മേയ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന എസ്കമില്ലയുടെ നേതൃത്വത്തിലുള്ള ലോസ് സെറ്റാസ് എന്ന ക്രിമിനൽ സംഘം മദ്ധ്യ അമേരിക്കയിലെ ഏറ്റവും കുപ്രസിദ്ധമായ കള്ളക്കടത്ത് സംഘമായിരുന്നു. ലാറ്റിനമേരിക്കയിൽ കൊക്കെയ്ൻ കടത്തിന്റെ പ്രധാന കണ്ണിയായിരുന്നു എസ്കമില്ല. പ്രാദേശിക പൊലീസിൽ തന്നെ എസ്കമില്ലയെ സഹായിക്കാൻ ആളുകളുണ്ടായിരുന്നു. എതിർത്തു നിന്നവരെയെല്ലാം എസ്കമില്ലയുടെ സംഘം നിഷ്ഠൂരം കൊലപ്പെടുത്തി.
തെക്ക് കിഴക്കൻ മെക്സിക്കോയിലെ കാൻകൂൺ മേഖല മുഴുവൻ എസ്കമില്ലയുടെ അധീനതയിലായിരുന്നു. 2008ലാണ് എസ്കമില്ല എട്ട് കൂട്ടാളികൾക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടത്. ജയിലിനുള്ളിലും എസ്കമില്ല വളരെ ഭീകരനായിരുന്നു. ജാലിസ്കോയിലെ സെൻട്രൽ ജയിലിൽ പരമാവധി സുരക്ഷാ സംവിധാനങ്ങളോടെയായിരുന്നു എസ്കമില്ലയെ പാർപ്പിച്ചിരുന്നത്. മേയ് 6നാണ് എസ്കമില്ലയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടത്. രണ്ട് ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഞായറാഴ്ചയാണ് എസ്കമില്ലയുടെ മരണ വാർത്ത മെക്സിക്കോ ഔദ്യോഗികമായി പുറത്തുവിട്ടത്.
നിലവിൽ 3,465 പേരാണ് കൊവിഡ് ബാധിച്ച് മെക്സിക്കോയിൽ മരിച്ചത്. 35,022 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. പൊതുവെ കൊവിഡ് പരിശോധന കുറവായതിനാൽ മെക്സിക്കോയിൽ രോഗബാധിതരുടെ എണ്ണം വളരെ കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തൽ. ലാറ്റിനമേരിക്കയിലെ തടവറകളെല്ലാം ഭീതിയുടെ നിഴലിലാണ്. തടവുപുള്ളികൾ തിങ്ങി നിറഞ്ഞ് പാർക്കുന്ന ഇവിടത്തെ ജയിലുകളിൽ സാമൂഹ്യ അകലം അസാധ്യമാണ്. അതുകൊണ്ട് തന്നെ കൊവിഡ് ഹോട്ട്സ്പോട്ടായി ലാറ്റിനമേരിക്കൻ തടവറകൾ മാറിയേക്കുമെന്ന മുന്നറിയിപ്പുണ്ട്. വൈറസ് ബാധ ഭയന്ന് വെനസ്വേല, പെറു, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലെ തടവറകളിൽ നടന്ന കലാപങ്ങളിൽ നിരവധി പേരാണ് മരിച്ചത്. എസ്കമില്ലയെ പാർപ്പിച്ചിരുന്ന ജാലിസ്കോയിലെ പ്യൂന്റെ ഗ്രാൻഡെ ജയിലിൽ മാത്രം ഇതേവരെ 74 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.