coconut

പല വീട്ടമ്മമാരേയും അലട്ടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് തേങ്ങ ചീത്തയാവുന്നത്. മുറിച്ച തേങ്ങ ചീത്തയാവാതെ സൂക്ഷിക്കാൻ പലപ്പോഴും പാടാണ്. തേങ്ങ മുറിച്ച് വെച്ച് അൽപസമയം കഴിഞ്ഞാൽ തന്നെ അതിന്റെ നിറം മാറുന്നു. ഇത് പിന്നീട് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തുന്നു. പിന്നീട് ആ തേങ്ങ കളയാൻ മാത്രമേ പറ്റുകയുള്ളൂ. ഫ്രിഡ്ജില്ലെങ്കിലും അല്ലെങ്കിൽ ഫ്രിഡ്ജിൽ വെയ്ക്കാൻ മറന്നാലും എല്ലാം ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്നു.

എന്നാൽ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കാണുന്നതിനും തേങ്ങ കേടുകൂടാതെ ദീർഘനാൾ സൂക്ഷിക്കുന്നതിനും സഹായിക്കുന്ന ചില നുറുങ്ങ് വിദ്യകൾ നോക്കാം. ഇത് എല്ലാ വിധത്തിലും വീട്ടമ്മമാരെ ഇത്തരം പ്രതിസന്ധികളിൽ നിന്ന് സംരക്ഷിക്കുന്നു. തേങ്ങ പെട്ടെന്ന് ചീത്തയാവാതിരിക്കുന്നതിനും തേങ്ങയ്ക്ക് സ്വാദ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഉണ്ട്.

മാർഗ്ഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

മുറിച്ച തേങ്ങ ചീത്തയാവാതെ നാളുകളോളം ഇരിക്കാൻ തേങ്ങയിൽ അൽപം ഉപ്പോ വിനാഗിരിയോ പുരട്ടി വെയ്ക്കാവുന്നതാണ്. തേങ്ങ ദീർഘകാലം കേടു കൂടാതെ സൂക്ഷിക്കുന്നതിന് സഹായിക്കുന്നു. മുറിച്ച് വെച്ച തേങ്ങ ചിരകിയതിനു ശേഷമുണ്ടെങ്കിൽ അത് തണുത്ത വെള്ളത്തിൽ ഇട്ട് വെയ്ക്കാം. ഇങ്ങനെ ചെയ്താൽ തേങ്ങ പെട്ടെന്ന് ചീത്തയാവുകയില്ല. മാത്രമല്ല പെട്ടെന്ന് ചിരകാനും ഇത് സഹായിക്കുന്നു.

തേങ്ങ പൊട്ടിയ്ക്കുമ്പോൾ അതിനു മുൻപ് തന്നെ ചിരട്ടയിൽ നിന്നും അടർന്നു പോവാതിരിയ്ക്കാൻ പൊട്ടിയ്ക്കുന്നതിന് അൽപം മുൻപ് വെള്ളത്തിൽ ഇട്ട് വെയ്ക്കാം. എന്നിട്ട് പൊട്ടിച്ച് നോക്കൂ. ഇത് തേങ്ങ പെട്ടെന്ന് പൊട്ടുന്നതിനും ചിരട്ടയിൽ നിന്ന് വേർപെടാതെ ചിരകാനും സാധിക്കുന്നു. തേങ്ങ പെട്ടെന്ന് കേട് വരാതിയിരിയ്ക്കാനുള്ള മറ്റൊരു മാർഗ്ഗമാണ് തേങ്ങ ചിരട്ടയോടെ ഉപ്പു വെള്ളത്തിൽ കമിഴ്ത്തി വെയ്ക്കുന്നത്. ഇതും ദീർഘകാലം തേങ്ങ കേടു കൂടാതെ ഇരിക്കുന്നതിന് സഹായിക്കുന്നു.

തേങ്ങ പൊട്ടിച്ച് കഴിഞ്ഞാൽ ആദ്യം ഉപയോഗിക്കേണ്ടത് കണ്ണുള്ള ഭാഗമാണ്. ഈ ഭാഗമാണ് പെട്ടെന്ന് ചീത്തയാവുന്നത്. അതുകൊണ്ട് ഈ ഭാഗം ഉപയോഗിച്ച് കഴിഞ്ഞതിനു ശേഷം മാത്രം മറ്റേഭാഗം ഉപയോഗിക്കാൻ ശ്രമിക്കുക. തേങ്ങ പൊട്ടിക്കുമ്പോൾ അതിന്റെ ചകിരിഭാഗം നിലനിർത്തിക്കൊണ്ട് പൊതിയ്ക്കാൻ ശ്രമിക്കുക. ഇത് പൊട്ടിക്കാത്ത തേങ്ങയാണെങ്കിൽ പോലും കൂടുതൽ കാലം ഫ്രഷ് ആയി ഇരിയ്ക്കാൻ സഹായിക്കുന്നു. തേങ്ങ ചീത്തയാവാതിരിയ്ക്കാനുള്ള മറ്റൊരു മാർഗ്ഗമാണ് ഇത്. തേങ്ങയുടെ കണ്ണിന്റെ ഭാഗത്ത് ചകിരി നിർത്തിയിട്ട് ബാക്കി ഭാഗത്തെ ചകിരി കളയാം. തേങ്ങ പൊട്ടിച്ച് കഴിയുമ്പോഴാണ് പലപ്പോഴും അത് മൂത്ത തേങ്ങയല്ലെന്ന് അറിയുക. ഇനി തേങ്ങക്ക് മൂപ്പ് കുറഞ്ഞതാണെങ്കിൽ അത് പൊട്ടിക്കുന്നതിനു മുൻപേ മനസ്സിലാക്കാം. അതിനായി തേങ്ങ പൊട്ടിക്കും മുൻപ് കുലുക്കി നോക്കുക. തേങ്ങ മൂപ്പ് കുറഞ്ഞതാണെങ്കിൽ കുലുങ്ങാത്തതും കനം കൂടുതലുമുള്ളതായിരിക്കും. പായസത്തിനും മറ്റും തേങ്ങാപ്പാല്‍ വളരെ അത്യാവശ്യമുള്ള ഒന്നാണ്.

എന്നാൽ തേങ്ങ ചിരകി അത് പിഴിയുമ്പോൾ പാല്‍ കൂടുതൽ കിട്ടാൻചില സൂത്രപ്പണികൾ ഉണ്ട്. തേങ്ങാപ്പാൽ പിഴിയുമ്പോൾ കൂടുതൽ കിട്ടാൻ അതിൽ അൽപം ഉപ്പ് കൂടി ചേർത്ത് പിഴിയാം. വേണമെങ്കിൽ അല്‍പം ചൂടുവെള്ളത്തിൽ പിഴിഞ്ഞ് നോക്കൂ. ഇത് തേങ്ങാപ്പാല്‍ കൂടുതൽ കിട്ടാൻ സഹായിക്കുന്നു. തേങ്ങ പൊട്ടിക്കുമ്പോൾ എല്ലാവരും പ്രശ്‌നത്തിലാവുന്ന ഒന്നാണ് കൃത്യമായി പൊട്ടാത്തത്. എന്നാൽ ഇനി കൃത്യമായി നടുവിലൂടെ തന്നെ തേങ്ങ പൊട്ടി വരാൻ രണ്ട് മണിക്കൂർ മുൻപ് തണുത്ത വെള്ളത്തിൽ ഇട്ട് വെയ്ക്കാം. ഇത് തേങ്ങ നടുവേ പൊട്ടാൻ സഹായിക്കുന്നു. തേങ്ങ ചീത്തയായോ എന്ന് നമുക്ക് പൊട്ടിക്കുന്നതിന് മുൻപ് മനസ്സിലാക്കാം. അതിനായി തേങ്ങയിൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കാം. തേങ്ങയുടെ കണ്ണിന്റെ മുകളിൽ നനവുണ്ടെങ്കിൽ തേങ്ങ ചീത്തയായതാണ്.