തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ഏഴ് പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു.
കാസർകോട് - 4, പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസർകോട്ട് നാലു പേർ മഹാരാഷ്ട്രയിൽ നിന്നും പാലക്കാട്ടുള്ളയാൾ ചെന്നൈയിൽ നിന്നും വന്നതാണെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
മലപ്പുറത്തെ രോഗബാധിതൻ ഒൻപതിന് കുവൈറ്റിൽ നിന്ന് എത്തിയതാണ്. വയനാട്ടിൽ 11മാസം പ്രായമുള്ള കുട്ടിക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്നലെ ആരും രോഗമുക്തി നേടിയില്ല. 27 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 489 പേർ ഇതുവരെ രോഗമുക്തി നേടി.
നിരീക്ഷണത്തിലുള്ളർ - 27,986 പേർ
വീടുകളിൽ - 27,545
ആശുപത്രികളിൽ - 441
ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് -157
ഹോട്ട് സ്‌പോട്ട്
വയനാട് നെന്മേനി പഞ്ചായത്തിനെ ഇന്നലെ ഹോട്ട് സ്‌പോട്ടിൽ ഉൾപ്പെടുത്തി. പ്രദേശത്ത് കുഞ്ഞിന് രോഗബാധ കണ്ടെത്തിയതിനെ തുടർന്നാണിത്. ഇതോടെ ഹോട്ട് സ്‌പോട്ടുകൾ 34 ആയി.
1307 പ്രവാസികൾ
ഇന്നലെവരെ വിവിധ ജില്ലകളിലായി 1307 പ്രവാസികളാണ് വിദേശത്തുനിന്നു മടങ്ങിയെത്തിയത്. ഇതിൽ 650 പേർ വീടുകളിലും 641 പേർ കൊവിഡ് കെയർ സെന്ററുകളിലും 16 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതിൽ 229 പേർ ഗർഭിണികളാണ്.