corporation

തിരുവനന്തപുരം: സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നഗരത്തിൽ മത്സ്യക്കൃഷി വ്യാപിക്കാൻ ഫിഷറീസ് വകുപ്പും നഗരസഭയും കൈകോർക്കുന്നു. പദ്ധതിയുടെ ഭാഗമായി നന്തൻകോട് ചാരാച്ചിറകുളം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സന്ദർശിച്ചു. മത്സ്യക്കൃഷി വ്യാപിപ്പിക്കുന്നതോടെ മത്സ്യ ഉത്പാദനത്തിൽ സ്വയം പര്യാപ്‌ത കൈകവരിക്കുമെന്നും നാട്ടിലെ കുളങ്ങൾ സംരക്ഷിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. നഗരസഭ പരിധിയിൽ വരുന്ന കൂടുതൽ കുളങ്ങൾ കണ്ടെത്തി മത്സ്യക്കൃഷിക്ക് പ്രയോജനപ്പെടുത്തും. നഗരത്തിൽ ഇതിനായി 60 കുളങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ജൂണോടെ ഈ കുളങ്ങളിലെല്ലാം കൃഷി ആരംഭിക്കാൻ കഴിയുമെന്നും മേയർ കെ. ശ്രീകുമാർ അറിയിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ആസൂത്രണ കാര്യ സ്ഥിരം സമിതി ചെയർമാൻ പാളയം രാജൻ, സെക്രട്ടറി എൽ.എസ് ദീപ, ഫിഷറീസ് വകുപ്പ് അഡീഷണൽ ഡയറക്ടർ ദിനേശ് എന്നിവർ പങ്കെടുത്തു.