covid-19

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങളിലൂടെ കൊവിഡ് രോഗബാധിതരില്ലാത്ത നാടെന്ന ആശ്വാസം ലഭിച്ച കാസർകോടിന് ആ പേര് തുടരാനായത് മണിക്കൂറുകൾ മാത്രം. ചികിത്സയിലുണ്ടായിരുന്ന അവസാനരോഗി ഞായറാഴ്ച വൈകിട്ട് ആശുപത്രി വിട്ടതോടെ കൊവിഡ് മുക്തമായ കാസർകോട്, മഹാരാഷ്ട്രയിൽ നിന്ന് മടങ്ങിയെത്തിയ നാല് പേർക്ക് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചതോടെ വീണ്ടും ആശങ്കയിലായി. കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന് ഏറ്റവും കൂടുതൽ വെല്ലുവിളിയായ സ്ഥലം കാസർകോടായിരുന്നു. വിദേശത്ത് നിന്നെത്തിയ ആൾ നിർദ്ദേശങ്ങൾ ലംഘിച്ചതോടെ 178 പേർ വൈറസിന്റെ പിടിയിലായെങ്കിലും ആരോഗ്യവകുപ്പും പൊലീസും അക്ഷീണം പ്രയത്നിച്ചാണ് കഴിഞ്ഞ ദിവസം ആശ്വാസം നേടിയത്. എന്നാൽ ഇന്നലെ വൈകിട്ടോടെ കാസർകോടൻ ജനത വീണ്ടും ഭീതിയിലായി.