kpsc

തിരുവനന്തപുരം: പി.എസ്.സി ബുള്ളറ്റിനിൽ മതവിഭാഗീയത പരത്തുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് എഡിറ്റോറിയൽ വിഭാഗം ജീവനക്കാർക്കെതിരെ നടപടി. സമകാലികം പംക്തി കൈകാര്യം ചെയ്യുന്ന മൂന്ന് പേരെ ചുമതലയിൽ നിന്ന് നീക്കി. ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും പി.എസ്.സി യോഗം തീരുമാനിച്ചു.
ഏപ്രിലിലെ പി.എസ്.സി ബുള്ളറ്റിനിൽ സമകാലികം പംക്തിയിൽ 19-ാം ഇനമായി പ്രസിദ്ധീകരിച്ച തബ്‌ലീഗ് സമ്മേളനത്തെക്കുറിച്ചുള്ള ചോദ്യമാണ് വിവാദമായത്. ചോദ്യത്തിൽ നിസാമുദ്ദീൻ സമ്മേളനം കൊവിഡ് പരത്തിയെന്ന ധ്വനിയുള്ളതിനെ തുടർന്നാണ് നടപടി. കൊവിഡുമായി ബന്ധപ്പെട്ട് അനുചിതവും വസ്തുതാവിരുദ്ധവുമായ വിവരം ഉൾപ്പെട്ടതിൽ പി.എസ്.സി ഖേദം പ്രകടിപ്പിച്ചു.
ലോക്ക് ഡൗൺ കാലയളവിൽ ഓഫീസ് പ്രവർത്തനത്തിന് പരിമിതിയുണ്ടായിരുന്നതിനാലാണ് മാദ്ധ്യമ വിശകലനങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന പംക്തിയിൽ തെറ്റായ വിവരം കടന്നുകൂടിയതെന്നാണ് പി.എസ്.സിയുടെ വിശദീകരണം. വസ്തുതാവിരുദ്ധമായ വിവരം ഏപ്രിൽ 15 ന്റെ ലക്കത്തിൽ നിന്നു നീക്കം ചെയ്തിട്ടുണ്ടെന്നും പി.എസ്.സി സെക്രട്ടറി അറിയിച്ചു.