ശരീരത്തിൽ ചിത്രപ്പണി നടത്തുന്നത് ഇന്ന് യുവാക്കൾക്കിടയിൽ ഹരമാണ്. പണ്ട് നഗരങ്ങളിൽ മാത്രം കണ്ടുവന്ന ശീലം ഇന്ന് ഗ്രാമീണ യുവാക്കളിലും വ്യാപകമായി. മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാനുള്ള ഒരു ഉപാധിയായി യുവാക്കൾ ടാറ്റൂയിംഗ് അഥവാ പച്ചകുത്തലിനെ കാണുന്നു. ഇന്ന് കേരളത്തിൽ വ്യാപകമായി ടാറ്റൂ പാർലറുകളും ടാറ്റൂ ആർട്ടിസ്റ്റുകളുമുണ്ട്.
ചെറിയ ചെറിയ ടാറ്റൂകളിൽ നിന്നു തുടങ്ങി ശരീരം മുഴുവൻ മഷി പടർത്തുന്ന ശീലങ്ങളിലേക്ക് മലയാളിയും എത്തിക്കഴിഞ്ഞു. ശരീരത്തിൽ പല നിറത്തിലും രൂപത്തിലും പച്ചകുത്തുന്നതിന് പണം ഒരു പ്രശ്‌നമല്ലാത്ത നിലയായി. മലയാളി യുവാക്കളുടെ ഈ ഭ്രമം മനസിലാക്കി ഇന്ന് ഇന്ത്യയിലെ മെട്രോപോളിറ്റൻ നഗരങ്ങളിലേതുപോലെ കൊച്ചിയും കോഴിക്കോടും മറ്റും ടാറ്റൂ പാർലറുകളുടെ കേന്ദ്രമായി. ടാറ്റൂയിംഗ് ഒരു ഫാഷൻ മേഖല മാത്രമല്ല ലക്ഷങ്ങൾ മറിയുന്നൊരു വ്യാപാര രംഗം കൂടിയാണ്.
മുൻപ് സ്വന്തം പേരും പങ്കാളിയുടെ പേരും പോലുള്ള ചെറിയ ടാറ്റൂകൾ അടിക്കാനാണ് യുവാക്കള്‍ എത്തിയിരുന്നതെങ്കിൽ ഇന്ന് സ്ഥിതി മാറി. തങ്ങളുടെ വ്യക്തിത്വം, സ്വാതന്ത്ര്യബോധം, ചിന്താബോധം എന്നിവ വെളിപ്പെടുത്തുന്ന വ്യത്യസ്തമായ ടാറ്റൂ ഡിസൈനുകളും മറ്റുമാണ് ഇന്നത്തെ യുവാക്കളിൽ ഹരമായി നിൽക്കുന്നത്. ശരീരത്തിൽ മഷി കലർത്താൻ തയ്യാറെടുക്കുന്നവർ ഒരു കാര്യം അറിഞ്ഞുവയ്ക്കുക, അവ നിങ്ങളെ പല തരത്തിലും ദോഷകരമായി ബാധിച്ചേക്കാം.
പച്ചകുത്താൻ തീരുമാനിച്ചാൽ ഒരു ടാറ്റൂ പാർലറിൽ ചെന്ന് ടാറ്റൂ ആർട്ടിസ്റ്റിനെ സമീപിക്കാവുന്നതാണ്. ഈ രംഗത്തുതന്നെ ലൈസൻസ് നേടിയവരും അല്ലാത്തവരുമുണ്ട്. ഒരു ഇലക്ട്രിക് യന്ത്രത്തിന്റെ സഹായത്തോടെ സൂചിമുനയാൽ ത്വക്കിലേക്ക് മഷി ഇൻജക്ട് ചെയ്യുന്നതാണ് ടാറ്റൂയിംഗിന്റെ രീതി. നമ്മുടെ തൊലിപ്പുറത്തെ രണ്ടാംപാളിയിലേക്കാണ് ഈ മഷി ഇറങ്ങിച്ചെല്ലുന്നത്. ടാറ്റൂ ചെയ്തതിനുശേഷം ടാറ്റൂ വിദഗ്ദ്ധർ പരിചരണത്തിനായി ചില നിർദേശങ്ങൾ നൽകും. ശരീരത്തിൽ സൂചികൊണ്ട് ഉരച്ചാണ് മഷി പടർത്തുന്നത്. അത്തരത്തിലുണ്ടായ മുറിവായി കണ്ട് പച്ചകുത്തിയഭാഗം അൽപനാൾ പരിചരിക്കണം.
ഒരാഴ്ചയ്ക്കകം ടാറ്റൂ ചെയ്തയിടത്ത് പുതിയ ചർമം വന്നു മൂടും. ടാറ്റൂ രണ്ടുവിധത്തിലുണ്ട്, പെർമനന്റും അല്ലാത്തവയും.ടാറ്റൂ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് എപ്പോള്‍ വേണമെങ്കിലും മായ്ച്ചു കളയാവുന്നതാണ്. പെർമനന്റ് ടാറ്റൂ ഒരിക്കൽ അടിച്ചാൽ കാലങ്ങളോളം നിലനിൽക്കും. മായ്ക്കാൻ ലേസർ ചികിത്സയുടെ സഹായം ആവശ്യമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ പച്ചകുത്തിയ ആൾക്ക് ഭാവിയിൽ നേരിടേണ്ടി വന്നേക്കാവുന്ന ചില പ്രശ്‌നങ്ങൾ എന്തൊക്കെയെന്നു നോക്കാം. ചർമ്മം എല്ലാവരിലും ഒരു പോലെയാകില്ല. ചിലരിൽ കട്ടികൂടിയതും ചിലരിൽ മൃദുവുമായിരിക്കും. മൃദുലമായ ചർമ്മമുള്ളവർ പച്ചകുത്താനിറങ്ങിയാൽ ഒന്നു മനസിലാക്കുക, നിങ്ങൾ ആപത്ത് ക്ഷണിച്ചുവരുത്തുകയാണ്. ഇത്തരം ലോലചർമ്മുള്ളവരിൽ അലർജിയുണ്ടാവാനുള്ള സാധ്യത ഏറെയാണ്. അതിനാൽ ടാറ്റൂ വിദഗ്ദ്ധന്റെ അഭിപ്രായം അറിഞ്ഞതിനു മാത്രം ശരീരത്തിൽ മഷി പടർത്തുക. ചിലർക്ക് അപൂർവമായി അലർജി ഉണ്ടായേക്കാം. ഇത്തരം സന്ദർഭങ്ങളിൽ ഉടനെ ഡോക്ടറുടെ സഹായം തേടുക. പ്രതിരോധശേഷി കുറഞ്ഞവരും സ്‌കിൻ അലർജി ഉള്ളവരും പച്ചകുത്താതിരിക്കുന്നതാണ് ഉത്തമം. പെർമനന്റ് ടാറ്റൂവിന്റെ എടുത്തുപറയേണ്ട മറ്റൊരു പോരായ്മ ഇൻഫെക്ഷനാണ്.
ടാറ്റൂ അടിക്കുന്നതിനു പാർലറുകളും തിരഞ്ഞെടുക്കുന്നതു മുതൽ ഇക്കാര്യം ശ്രദ്ധിക്കണം. ടാറ്റൂ പാർലറുകൾക്ക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന്റെ സർട്ടിഫിക്കറ്റ് ഉണ്ടോയെന്നു നോക്കുക. ലൈസൻസ് ഉള്ള ടാറ്റൂ വിദഗ്ദ്ധന്മാരെ മാത്രം സമീപിക്കുക. അവർ നമ്മുടെ ശരീരത്തിൽ ടാറ്റൂ അടിക്കാൻ എടുക്കുന്ന സൂചി ആദ്യമായി ഉപയോഗിക്കുന്നതു തന്നെയാണോ എന്നുറപ്പിക്കുക. ബാക്ടീരിയൽ ഇൻഫെക്ഷൻ, വൈറൽ ഇൻഫെക്ഷൻ അങ്ങനെ വിവിധതരം അണുബാധകൾ ടാറ്റൂ ചെയ്യുന്നതിലൂടെ ഉണ്ടായേക്കാം.
അണുവിമുക്തമല്ലാത്ത സൂചിയോ ഉപകരണങ്ങളോ ഉപയോഗിച്ചാലാണ് ബാക്ടീരിയൽ ഇൻഫെക്ഷൻ ഉണ്ടാവുന്നത്. പച്ചകുത്താൻ ഉപയോഗിക്കുന്ന മഷിയിൽ നിന്നും അണുബാധ ഉണ്ടാകാം. കടുത്ത പനിയും ശരീരവേദനയും ഇതിന്റെ ലക്ഷണങ്ങളാകാം. ചില സാഹചര്യങ്ങളിൽ ഇത് ന്യുമോണിയയ്ക്കു വരെ കാരണമായേക്കാം. വൈറൽ ഇൻഫെക്ഷൻ ബാധിക്കുന്നത് ടാറ്റൂ ചെയ്യുമ്പോൾ തൊലിപ്പുറത്ത് ഉണ്ടാകുന്ന ചെറിയ മുറിവ് വഴിയാണ്. അണുവിമുക്തമല്ലാത്ത ടാറ്റൂ സൂചി തന്നെയാണ് ഇതിനും കാരണം. ഹെപ്പറ്റിറ്റിസ് ബി, സി, എച്ച്.ഐ.വി എന്നിവയ്ക്കും ഇത് കാരണമായേക്കാം. സ്ഥിരമായി ശരീരത്തിൽ ടാറ്റൂ ചെയ്യുന്ന ആളാണ് നിങ്ങളെങ്കിൽ ശ്രദ്ധിക്കുക. പഠനങ്ങൾ പറയുന്നത് ഇത്തരം പ്രവൃത്തി നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുമെന്നാണ്.
പച്ചകുത്തുമ്പോൾ മഷിയോടൊപ്പം ശരീരത്തിലെത്തുന്ന വിഷമയമുള്ള വസ്തുക്കളാണ് ആപത്താവുന്നത്. മുൻകാലങ്ങളിലേതിനെ അപേക്ഷിച്ച് ഇന്ന് പല വർണങ്ങളിൽ ടാറ്റൂ മഷികളുണ്ട്. ഇത്തരം നിറങ്ങളിൽ എന്തൊക്കെയാണ് ചേർക്കുന്നതെന്ന് പലർക്കും അറിവുണ്ടാവില്ല.
ടാറ്റൂ ചെയ്ത് കഴിഞ്ഞും കുറച്ച് ദിവസത്തേക്ക് കൃത്യമായ പരിചരണം മഷി പടർത്തിയ ഭാഗത്ത് നൽകേണ്ടതുണ്ട്. ഇല്ലെങ്കിൽ ചൊറിച്ചിൽ , തൊലിപ്പുറത്ത് തടിപ്പ് എന്നിവയ്ക്ക് കാരണമായേക്കാം. ടാറ്റൂ അടിച്ച ആദ്യദിവസങ്ങളിൽ തന്നെ സൂര്യപ്രകാശം, വെള്ളം എന്നിവ അമിതമായി തട്ടിക്കുന്നത് ആപത്ത് വിളിച്ചുവരുത്തും. ആദ്യ ആഴ്ചയിൽ വെയിൽ കൊള്ളിക്കാതിരിക്കുക. പുഴയിലോ കുളത്തിലോ കുളിക്കാതിരിക്കുക. പച്ചകുത്തിയ ഭാഗം എപ്പോഴും ശുചിയായിരിക്കാൻ ശ്രദ്ധിക്കുക. ടാറ്റൂ വിദഗ്ദ്ധൻ നിർദേശിക്കുന്ന ചർമ്മസംരക്ഷണ ക്രീം മാത്രം ശരീരത്തിൽ തേയ്ക്കുക. ചുരുക്കം പേർക്കു മാത്രമാണ് ടാറ്റൂ ചെയ്യുന്നതിനാൽ ദീർഘകാലത്തേക്ക് അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുള്ളത്.