തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നുമെത്തി വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ ജനമൈത്രി പൊലീസിനെ ചുമതലപ്പെടുത്തിയതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം ലംഘിച്ച് പൊതുസ്ഥലങ്ങളിലും ബന്ധു വീടുകളിലും സന്ദർശനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ദിവസേന റിപ്പോർട്ട് നൽകാൻ ക്രമസമാധാന വിഭാഗം എ.ഡി.ജി.പി ഡോ.ഷെയ്ക്ക് ദർവേഷ് സാഹിബിനെയും ജനമൈത്രി പൊലീസിന്റെ നോഡൽ ഓഫീസർ ഐ.ജി എസ്.ശ്രീജിത്തിനേയും ചുമതലപ്പെടുത്തി.