കുളത്തൂർ: തന്റെ കുഞ്ഞുങ്ങൾക്ക് വാട്സ്ആപ്പിലൂടെയും ഓൺലൈനിലൂടെയും പാഠഭാഗങ്ങളും കഥകളും പകർന്ന് അകാലത്തിൽ പൊലിഞ്ഞ തങ്ങളുടെ പ്രിയ ലാലി ടീച്ചറിനെ അവസാനമായൊന്നുകാണാൻ ഇരുപതോളം പിഞ്ചുകുഞ്ഞുങ്ങളാണ് ഇന്നലെ മാതാപിതാക്കളോടൊപ്പം പൗണ്ടുകടവിലെ ഹരിജൻ വെൽഫെയർ സ്‌കൂൾ അങ്കണത്തിലെത്തിയത്. തുമ്പ പൊലീസ് കൊവിഡ് നിയന്ത്രണത്തിന്റെ പേരിൽ പലരെയും വീടുകളിലേക്ക് പറഞ്ഞുവിടാൻ ശ്രമിച്ചെങ്കിലും കുഞ്ഞുങ്ങൾ സങ്കടപ്പെട്ടതോടെ പൊലീസ് ഉദ്യോഗസ്ഥർക്ക് പിൻവാങ്ങേണ്ടിവന്നു. ആംബുലൻസിലെത്തിച്ച ടീച്ചറുടെ മൃതദേഹം സ്‌കൂൾ കവാടത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലലത്തെത്തിച്ചപ്പോൾ കുട്ടികൾ നിറകണ്ണുകളോടെ എത്തിയത് നൊമ്പരക്കാഴ്ചയായി. അവയവദാനത്തിനു ശേഷം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ 10.15ന് ചെമ്പഴന്തി അണിയൂരിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. തുടർന്ന് 10.45ന് ലാലി ടീച്ചർ ജോലിനോക്കിയിരുന്ന പൗണ്ട്കടവ് ഗവ.എൽ.പി സ്‌കൂളിലും പൊതുദർശനത്തിന് വച്ചു. ലോക്ക് ഡൗൺ ആയതിനാൽ സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചായിരുന്നു പൊതുദർശനം. തുടർന്ന് 11.15ന് കുളത്തൂർ കോലത്തുകര ക്ഷേത്ര സമാജം വക ശ്‌മശാനത്തിൽ സംസ്‌കരിച്ചു. മകൻ ഗോപിഷാണ് അന്ത്യകർമ്മങ്ങൾ ചെയ്‌തത്. ലാലി ടീച്ചറിന്റെ വീട്ടിൽ നടന്ന ചടങ്ങുകളിലും സംസ്‌കാര ചടങ്ങിലും ടീച്ചറിന്റെ ഹൃദയം സ്വീകരിച്ച കോതമംഗലം സ്വദേശിനി ലീന ഷിബുവിന്റെ മക്കൾ ബെയ്സിലും ഷൈനയും ഉണ്ടായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത് എം. എൽ.എ, കൗൺസിലർ ഷീല, സ്‌കൂളിലെ സഹപ്രവർത്തകർ, അണിയൂർ പ്രസന്നകുമാർ, സ്റ്റാൻലി ഡിക്രൂസ്, ചെമ്പഴന്തി ഉദയൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.