പാലോട്: കുഞ്ഞിനെ കാണാനില്ലെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസ് വീട്ടിൽ നിന്നു കോടയും നാടൻ തോക്കും കണ്ടെടുത്തു. പിണക്കത്തെത്തുടർന്ന് ഭർത്താവ് മൂന്ന് വയസുള്ള കുട്ടിയുമായി സ്ഥലംവിട്ടെന്ന തൊളിക്കോട് സ്വദേശി തൻസീനയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിനിടെയാണ് സംഭവം. കുട്ടിയെ തിരക്കി പൊലീസ് ഭർത്താവ് ദിൽഷാദ് മാറിത്താമസിക്കുന്ന വീട്ടിലെത്തി. എന്നാൽ ആരെയും കണ്ടെത്താനായില്ല. വീട്ടിൽ നടത്തിയ തെരച്ചിലിലാണ് 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. തുടർന്ന് ദിൽഷാദിന്റെ പെരിങ്ങമ്മല കുണ്ടളാംകുഴിയിലെ കുടുംബവീട്ടിലെത്തി. ഇവിടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കൈവശം നാടൻതോക്കുണ്ടെന്ന വിവരം ലഭിച്ചത്. ദിൽഷാദ് ഇടയ്‌ക്കിടെ പോകാറുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് തോക്ക് കണ്ടെത്തിയത്. വിവരമറിഞ്ഞ ദിൽഷാദ് കുട്ടിയെ സുഹൃത്ത് മുഖേന വിതുര പൊലീസ് സ്റ്റേഷനിലെത്തിച്ചു. ദിൽഷാദിനെ പിടികൂടാനായില്ല. പ്രതിക്കായുള്ള അന്വേഷണം ശക്തമാക്കിയതായി പാലോട് സി.ഐ സി.കെ. മനോജ് അറിയിച്ചു.