തിരുവനന്തപുരം: പ്രവാസികളുമായി ദോഹയിൽ നിന്നുള്ള വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്ച പുലർച്ചെ 12.40ന് എത്തിച്ചേരും. വൈകിട്ട് 7ന് വിമാനം ദോഹയിൽ നിന്നും പുറപ്പെടും. ഞായറാഴ്ച എത്തിച്ചേരുമെന്ന് അറിയിച്ചിരുന്ന വിമാനത്തിന്റെ യാത്ര അവസാന നിമിഷം മാറ്രിവയ്‌ക്കുകയായിരുന്നു. ഇമിഗ്രേഷനിലുണ്ടായ പ്രശ്‌നം കാരണമാണ് യാത്ര മാറ്റിയതെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നേരത്തെ 181പേർ വിമാനത്തിലുണ്ടാവുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പുതിയ പട്ടികപ്രകാരം എത്രപേരുണ്ടെന്ന് വ്യക്തമല്ല. തമിഴ്നാട്ടിൽ നിന്നുള്ള യാത്രക്കാരെ അവരുടെ ബസിൽ അങ്ങോട്ടേക്ക് കൊണ്ടുപോകും. ബസ് വന്നില്ലെങ്കിൽ കെ.എസ്.ആർ.ടി.സി ബസ് ഏർപ്പെടുത്തും. ബാക്കിയുള്ളവരിൽ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ളവരെ കെ.എസ്. ആർ.ടി.സി ബസുകളിൽ അതത് ജില്ലകളിലേക്കും തിരുവനന്തപുരത്തുള്ളവരെ ജല അതോറിട്ടി അതിഥി മന്ദിരം, മൺവിള സഹകരണ പരിശീലന കേന്ദ്രം തുടങ്ങി വിവിധ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കും മാറ്രും. സ്വന്തം ചെലവിൽ താമസിക്കാൻ താല്പര്യമുള്ളവരെ കെ.ടി.ഡി.സിയുടെ ഹോട്ടലുകളിൽ താമസിപ്പിക്കും.
റഷ്യയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനം അടുത്ത ആഴ്ച: വി.മുരളീധരൻ
ന്യൂഡൽഹി: റഷ്യ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് അടുത്ത ആഴ്ച കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ജപ്പാനിലെ ടോക്കിയോയിൽ നിന്ന് ഡൽഹി, മുംബയ്, ചെന്നൈ എന്നിവിടങ്ങളിലേക്കും ആസ്ട്രേലിയയിൽ നിന്നും ഉടൻ സർവീസ് നടത്തും. മാലിദ്വീപ് ദൗത്യം പൂർത്തിയായ ശേഷം ശ്രീലങ്കയിൽ നിന്ന് കപ്പൽ സർവീസ് ആരംഭിക്കും. ദോഹ - തിരുവനന്തപുരം വിമാന സർവീസ് വൈകിയതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങൾ വ്യാജ വാർത്ത പ്രചരിപ്പിച്ചതായും പ്രവാസികളെ തിരികെ കൊണ്ടുവരാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ കൊവിഡിനെക്കാൾ മാരകമായ വൈറസുകളെ പടർത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യാ വിമാനം ഖത്തർ തടഞ്ഞെന്നും ദോഹ - തിരുവനന്തപുരം സർവീസ് മുടങ്ങിയെന്നും ചിലർ പ്രചരിപ്പിക്കാൻ ശ്രമിച്ചു. ഖത്തറിൽ നിന്ന് ഇന്ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങുമ്പോൾ അവർ ഇതിന് മറുപടി നൽകണം. കുവൈറ്റിൽ നിന്നുള്ള വിമാനത്തെക്കുറിച്ചും ഇവർ വ്യാജ പ്രചാരണം നടത്തിയെന്ന് വി. മുരളീധരൻ ആരോപിച്ചു.