നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഉൾപ്പെടെ ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ സ്പെഷ്യൽ സർവീസിന് തുടക്കമായി. രാവിലെ 9.20ന് സെക്രട്ടേറിയറ്റിലേക്കും വൈകിട്ട് 5.20ന് തിരിച്ചുമാണ് സർവീസുകൾ. ഫാസ്റ്റ് പാസഞ്ചർ സർവീസുകൾക്ക് ടിക്കറ്റ് നിരക്ക് ഇരട്ടിയാണ്. ആദ്യദിനത്തെ ആദ്യ ട്രിപ്പിന് നെയ്യാറ്റിൻകരയിൽ നിന്നും ഇരുപത്തിയഞ്ച് യാത്രക്കാർ ഉണ്ടായിരുന്നു. സാമൂഹ്യ അകലം പാലിച്ച് പരമാവധി മുപ്പത് പേർക്ക് ഒരു സമയം യാത്ര ചെയ്യാം. എല്ലാ യാത്രക്കാർക്കും ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകൾ വൃത്തിയാക്കാൻ സാനിട്ടൈസറുകളും നൽകും. ജീവനക്കാരും യാത്രക്കാരും യാത്രാവേളയിൽ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. സെക്രട്ടേറിയറ്റിലെ ഐഡന്റിറ്റി കാർഡുകൾ കണ്ടക്ടറെ കാണിച്ച് ബോദ്ധ്യപ്പെടുത്തിയാലേ യാത്ര അനുവദിക്കൂ. ഒന്നര മാസത്തിനു ശേഷമാണ് ടിക്കറ്റുകൾ ഈടാക്കി ഡിപ്പോയിൽ നിന്ന് സർവീസുകൾ പുനഃരാരംഭിച്ചത്. നെയ്യാറ്റിൻകരയിയിൽ നിന്ന് ആദ്യ സർവീസ് നടത്തിയ കണ്ടക്ടർ എൻ.കെ.രഞ്ജിത്ത്, ഡ്രൈവർ സി.വിഷ്ണു എന്നിവർക്ക് എ.ടി.ഒ പള്ളിച്ചൽ സജീവ് ഡ്യൂട്ടി കാർഡുകൾ കൈമാറി. എല്ലാ യാത്രക്കാർക്കും സുരക്ഷാ നിർദേശങ്ങൾ അടങ്ങിയ കിറ്റ് ജനറൽ സി.ഐ സതീഷ് കുമാർ, വെഹിക്കിൾ സൂപ്പർവൈസർ ഡി.സാംകുട്ടി എന്നിവർ നൽകി. അന്വേഷണങ്ങൾക്ക് 9995707131 എന്ന നമ്പരിൽ ബന്ധപ്പെടണം.