തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാർക്കായി കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക ബസ് ഓടിത്തുടങ്ങി. ഇന്നലെ രാവിലെ 8.30 ന് ആര്യനാട് ഡിപ്പോയിൽ നിന്നാണ് ആദ്യ സർവീസ് തുടങ്ങിയത്.
ലോക്ക് ഡൗണിന് ശേഷം ആദ്യമായിട്ടാണ് ടിക്കറ്റ് നൽകിയുള്ള യാത്ര തുടങ്ങുന്നത്. ആരോഗ്യവകുപ്പ് ജീവനക്കാർക്കുവേണ്ടി പ്രത്യേക ബസുകൾ ഓടിക്കുന്നുണ്ടെങ്കിലും ട്രിപ്പ് കണക്കാക്കി വാടക വാങ്ങുകയായിരുന്നു.ഇത് ആരോഗ്യവകുപ്പ് നേരിട്ട് അടയ്ക്കുകയായിരുന്നു പതിവ്.
ജീവനക്കാരിൽ നിന്ന് ഇരട്ടി ചാർജ്ജ് വാങ്ങാൻ കഴിയുന്ന വിധത്തിൽ ടിക്കറ്റ് മെഷീനുകൾ ക്രമപ്പെടുത്തിയിരുന്നു. ജീവനക്കാർക്കും മാസ്‌ക് നിർബന്ധമാണ്. ടിക്കറ്റ് മെഷീനൊപ്പം സാനിറ്റൈസറുകളും കണ്ടക്ടർമാർ ഡിപ്പോകളിൽ നിന്ന് ഒപ്പിട്ട് ഏറ്റുവാങ്ങിയിരുന്നു. ഇത് ബസിൽ സൂക്ഷിക്കേണ്ട ചുമതല കണ്ടക്ടർക്കാണ്.
ആദ്യദിനത്തിൽ യാത്രക്കാർ കുറവായിരുന്നു. ആര്യനാടു നിന്നുള്ള ഒരു ബസിൽ നാലും മറ്റൊന്നിൽ പത്തും യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിഴിഞ്ഞത്തു നിന്നുള്ള ബസിലും പത്ത് യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ. ടിക്കറ്റിനൊപ്പം സാനിട്ടൈസറും നൽകി. യാത്രക്കാർക്ക് മാസ്ക് നിർബന്ധമാക്കിയിരുന്നു. രണ്ടുപേർക്കുള്ള സീറ്റിൽ ഒരാൾക്കും മൂന്നുപേരുള്ള സീറ്റിൽ രണ്ടുപേർക്കും ഇരിക്കാം. യാത്രക്കാർ തമ്മിൽ അകലം പാലിക്കുന്ന വിധത്തിലായിരുന്നു ഇരിപ്പിടങ്ങളിലെ ക്രമീകരണം. പത്തുമണിയോടെ ബസുകളെല്ലാം സെക്രട്ടറിയേറ്റിന് മുന്നിലെത്തി.
യാത്രക്കാരെ ഇറക്കിയശേഷം വികാസ്ഭവൻ ഡിപ്പോയിലെത്തി അണുനാശിനി തളിച്ച് വൃത്തിയാക്കി. വൈകിട്ട് അഞ്ചോടെ വീണ്ടും സെക്രട്ടറിയേറ്റിന് പിന്നിലെത്തി. മടക്കയാത്രയിൽ യാത്രക്കാർക്ക് അംഗീകൃത സ്‌റ്റോപ്പുകളിൽ ഇറങ്ങാം. ഇന്നു മുതൽ കൂടുതൽ യാത്രക്കാരുണ്ടാകുമെന്നാണ് പ്രതീക്ഷ.