തിരുവനന്തപുരം:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പേർ എത്തുന്ന സാഹചര്യത്തിൽ ജില്ലയിൽ വാർഡുതല നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കളക്ടറേറ്റിൽ ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ എന്നിവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. നിരീക്ഷണത്തിലുള്ളവരെ വാർഡുതല സംഘം നിരീക്ഷിക്കും. നഗരസഭയിൽ ഓരോ വാർഡിലും ഒന്നിലധികം നിരീക്ഷണ സംഘം ഉണ്ടായിരിക്കണം. നിരീക്ഷണം സംബന്ധിച്ച പ്രതിദിന റിപ്പോർട്ട് കളക്ടറേറ്റിൽ ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരുമായി കളക്ടർ വീഡിയോ കോൺഫറൻസ് നടത്തി നിർദ്ദേശങ്ങൾ നൽകണമെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ, കളക്ടർ കെ.ഗോപാലകൃഷ്ണൻ, അസിസ്റ്റന്റ് കളക്ടർ അനുകുമാരി, ജില്ലാ മെഡിക്കൽ ഓഫീസർ പി.പി.പ്രീത തുടങ്ങിയവർ പങ്കെടുത്തു.