pic

തിരുവനന്തപുരം: പ്രവാസികളും ഇതരസംസ്ഥാനത്ത് നിന്നുള്ളവരും എത്തി തുടങ്ങിയതോടെ 45 മിനിട്ടില്‍ ഫലം കിട്ടുന്ന കൊവിഡ് പരിശോധന സംവിധാനം കൂടുതല്‍ ഇടങ്ങളില്‍ തുടങ്ങാൻ സര്‍ക്കാര്‍ തീരുമാനം. ഇതിനായി 19 ഉപകരണങ്ങള്‍ കൂടി എത്തിക്കും. ക്ഷയരോഗ പരിശോധന നടത്തുന്ന രീതിയിൽ ചിപ് അടിസ്ഥാനമാക്കിയുള്ള പി.സി.ആര്‍ പരിശോധന തന്നെയാണിത്. സ്ക്രീനിംഗ് പരിശോധനയ്ക്ക് മാത്രം ആയിരുന്നു ഇത് ഉപയോഗിച്ചിരുന്നതെങ്കിൽ രോഗം സ്ഥിരീകരിക്കുന്നതിനും ഇത് ഉപയോഗിക്കാമെന്നാണ് പുതിയ നിര്‍ദേശം. വളരെ വേഗം ഫലം കിട്ടുന്ന ഉപകരണത്തില്‍ ഒരു സമയം 4 സാമ്പിളുകൾ പരിശോധിക്കാം.

വലിയ തരത്തിലുള്ള ബയോ സേഫ്റ്റി മാനദണ്ഡങ്ങളില്ലാതെ തന്നെ ഈ പരിശോധന നടത്താനാകുമെന്നതിനാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഉപകരണമെത്തിക്കാനാണ് തീരുമാനം. കൊവിഡ് രോഗം സംശയിക്കുന്ന ഒരാള്‍ക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നാലോ കൊവിഡ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്ന രോഗലക്ഷണങ്ങള്‍ ഉള്ള ആരോഗ്യ പ്രവര്‍ത്തകരാണെങ്കിലോ ന്യുമോണിയ അടക്കം ഗുരുതര ശ്വാസകോശ രോഗങ്ങള്‍ ഉള്ള ഒരാളുടെ തുടര്‍ ചികിത്സ വേണ്ടിവരുമ്പോഴോ, കൊവിഡ് രോഗം സംശയിക്കുന്ന ഒരാള്‍ മരിച്ചാലോ ഇങ്ങനെ അടിയന്തര ഘട്ടങ്ങളിലാണ് ഈ പരിശോധന നടത്താനുദ്ദേശിക്കുന്നതെങ്കിലും രോഗികളുടെ എണ്ണം കൂടിയാൽ നിബന്ധന മാറ്റും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിൽ മാത്രമാണ് ഇപ്പോൾ ഈ പരിശോധന സംവിധാനമുള്ളത്. 19 ഉപകരണങ്ങൾ കൂടി സംസ്ഥാനത്ത് എത്തിക്കുന്നതോടെ സംസ്ഥാനമൊട്ടാകെ പരിശോധന നടത്തിപ്പ് വർദ്ധിപ്പിക്കാൻ സർക്കാരിനാകും.