തിരുവനന്തപുരം: സംസ്ഥാനാന്തര യാത്രാപാസിനായി അപേക്ഷിക്കുമ്പോൾ കേരളത്തിൽ നിന്നുള്ള കൊവിഡ് ഇ-ജാഗ്രതാ പാസുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലെയും ഡി.ജി.പിമാർക്കും പൊലീസ് കമ്മിഷണർമാർക്കും ഡി.ജി.പി ഇക്കാര്യം അഭ്യർത്ഥിച്ച് മെയിൽ അയച്ചു.സംസ്ഥാനങ്ങളിൽ ഓൺലൈൻ പാസിനായി അപേക്ഷിക്കാനുള്ള പോർട്ടലിൽ കേരളം നൽകുന്ന കൊവിഡ് ഇ-ജാഗ്രതാ പാസ് സംബന്ധിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്താൻ സൗകര്യമൊരുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരാൻ ഉദ്ദേശിക്കുന്നവർ സംസ്ഥാന സർക്കാരിന്റെ കൊവിഡ് ഇ-ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കേരളത്തിൽ നിന്ന് പാസ് ലഭിച്ചാൽ ഇപ്പോൾ താമസിക്കുന്ന സംസ്ഥാനത്തു നിന്നുള്ള പാസിന് അപേക്ഷിക്കാം. ഇങ്ങനെ ലഭിക്കുന്ന 2 പാസുകളുമായി മാത്രമേ അംഗീകൃത ചെക്ക്പോസ്റ്റുകൾ വഴി കേരളത്തിലേക്ക് പ്രവേശനം അനുവദിക്കൂവെന്ന് ഡി.ജി.പി അറിയിച്ചു.