തിരുവനന്തപുരം : ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരുൾപ്പെടെ കൂടുതൽ പേർക്ക് കൊവിഡ് ലക്ഷണങ്ങൾ പ്രകടമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും ആശങ്ക. ഇന്ന് പുലർച്ചെ ബഹ്റിനിൽ നിന്ന് നെടുമ്പോശേരിയിലെത്തിയ നാല് യാത്രക്കാരുൾപ്പെടെ കഴിഞ്ഞദിവസങ്ങളിൽ നാട്ടിലെത്തിയവരിൽ ചിലർക്ക് രോഗലക്ഷണങ്ങൾ പ്രകടമാകുകയും വയനാട് ഉൾപ്പെടെ മലബാർ മേഖലയിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുകയും ചെയ്തതാണ് ആശങ്കയ്ക്ക് കാരണം. ബഹ്റിനിൽ നിന്ന് ഇന്ന് പുലർച്ചെ നാട്ടിലെത്തിയ യാത്രക്കാരിൽ പാലക്കാട് സ്വദേശിയായ ഒരാൾക്കും മൂന്ന് കോഴിക്കോട്ടുകാർക്കുമാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. വിമാനത്തിൽ നിന്ന് ഇറങ്ങിയ ഇവരുടെ ശരീരോഷ്മാവിലുണ്ടായ ഉയർച്ചയാണ് കൊവിഡ് ലക്ഷണങ്ങളുടെ സംശയത്തിന് കാരണമായത്.. ബഹ്റിനിൽ നിന്ന് വിമാനം കയറും മുമ്പ് ഇവർ പരിശോധനയ്ക്ക് വിധേയരായിരുന്നെങ്കിലും ലക്ഷണങ്ങൾ കാട്ടിയിരുന്നില്ല.
നെടുമ്പാശേരിയിലെത്തിയശേഷം പനിയുടെ ലക്ഷണങ്ങൾ കണ്ടെത്തിയ ഇവരെ വിമാനത്താവളത്തിലെ റൺവേയിൽ 108 ആംബുലൻസെത്തിച്ചശേഷം അവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്രവപരിശോധനയുൾപ്പെടെ കൂടുതൽ പരിശോധനകൾക്ക് ഇവരെ ഇന്ന് വിധേയരാക്കും. ഇവർക്കൊപ്പം ഒരു ഗർഭിണിയുൾപ്പെടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച മറ്റ് നാലുപേരെയും ആശുപത്രിയിലാക്കിയിട്ടുണ്ട്. ഇവരെ കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തിയവരിൽ ചിലരെയും കൊവിഡ് സംശയിച്ച് മഞ്ചേരി, കളമശേരി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ നിന്നും രാജ്യത്തെ തീവ്രകൊവിഡ് ബാധിത സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ മലയാളികൾ നാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കെ സമൂഹവ്യാപനം പോലുള്ള സാദ്ധ്യതകൾ ഒഴിവാക്കുകയെന്നതാണ് ആരോഗ്യപ്രവർത്തകർ നേരിടുന്ന വെല്ലുവിളി.
വിമാനത്താവളങ്ങളിലെത്തുന്നവർക്കും സംസ്ഥാന അതിർത്തികൾ കടന്നുവരുന്നവർക്കും കൃത്യമായ ക്വാറന്റൈനും ഹോംഐസൊലേഷനും നിർദേശിച്ചിട്ടുണ്ടെങ്കിലും നിർദേശങ്ങൾ പാലിക്കുന്നതിൽ ആരുടെയെങ്കിലും ഭാഗത്തുനിന്ന് അശ്രദ്ധയുണ്ടായാൽ കാര്യങ്ങൾ കൈവിട്ട് പോകാൻ ഇടയാക്കുമെന്നതാണ് ഇപ്പോഴത്തെ പ്രശ്നം. കഴിഞ്ഞദിവസം കർണാടകയിൽ നിന്ന് നാട്ടിലെത്തിയ നൂറിലധികം വിദ്യാർത്ഥികൾ ക്വാറന്റൈൻ പാലിക്കാതിരുന്നത് കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ ആശങ്കയ്ക്ക് കാരണമായിരുന്നു. ഇവരെ ക്വാറന്റൈനിലാക്കാൻ പൊലീസ് സഹായം ആവശ്യപ്പെടേണ്ട സാഹചര്യവുമുണ്ടായി. ഇന്ന് ദമാം , സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലും തിരുവനന്തപുരത്തുമായി മൂന്ന് വിമാനങ്ങളും മാലദ്വീപിൽ നിന്ന് കൊച്ചിയിൽ നാവികസേനയുടെ രണ്ടാമത്തെ കപ്പലും പിന്നാലെ ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനും എത്തിച്ചേരാനിരിക്കെ മറുനാടുകളിൽ നിന്നും മലയാളികളുടെ ഒരു പ്രവാഹമാണുണ്ടാകുന്നത്.
നാട്ടിലെത്തുന്ന ഇവരെ ഓരോരുത്തരെയും കൃത്യമായി നിരീക്ഷിക്കാനും ക്വാറന്റൈൻ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും ആരോഗ്യവകുപ്പ് കിണഞ്ഞ് പരിശ്രമിക്കേണ്ടിവരും. ലോക്ക് ഡൗണിൽ ഇളവുകൾ നിലവിൽ വരികയും റംസാൻ നോമ്പ് തുറപോലുള്ള ചടങ്ങുകൾ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മറുനാടുകളിൽ നിന്നെത്തുന്നവരുമായി വീട്ടുകാരും ബന്ധുക്കളും അടുത്തിടപഴകാനുള്ള സാദ്ധ്യതയേറെയാണ്. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ആശാപ്രവർത്തകരുൾപ്പെടെ താഴെത്തട്ടിലെ മുഴുവൻ ആരോഗ്യപ്രവർത്തകരെയും ഫീൽഡിലിറക്കാനും ബോധവൽക്കരണവും നിരീക്ഷണവും ശക്തമാക്കാനുമാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതിനായി വിമാനത്താവളങ്ങളിലും ചെക്ക് പോസ്റ്റുകളിലും തുറമുഖങ്ങളിലുമെത്തുന്ന ഓരോ യാത്രക്കാരുടെയും ടെലിഫോൺ നമ്പരും വിലാസവുമുൾപ്പെടെ പൂർണമായ വിവരങ്ങൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും പൊലീസിനും കൈമാറും.
ആരോഗ്യപ്രവർത്തകരും പൊലീസും നിരന്തരം വീടുകളിലെത്തി ഇവരെ നിരീക്ഷിക്കും. വേണ്ടിവന്നാൽ മൊബൈൽ നമ്പരും നിരീക്ഷണത്തിലാക്കും. നിരീക്ഷണത്തിലുള്ളയാൾ ക്വാറന്റൈൻ ലംഘിച്ച് വീടിന് പുറത്തിറങ്ങിയാൽ ക്വാറന്റൈൻ ലംഘനത്തിന് കേസെടുത്തശേഷം ഇയാളെയും ഇയാളുമായി സമ്പർക്കത്തിൽ വന്നവരെയും കൈയ്യോടെ പൊക്കി കമ്യൂണിറ്റി ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്യാനാണ് പദ്ധതി. കൊവിഡ് ലക്ഷണങ്ങൾക്ക് പുറമേ ഹൃദ്രോഗം, വൃക്കതകരാറ് പോലുള്ള മറ്റ് അസുഖങ്ങൾ എന്നിവയ്ക്ക് ചികിത്സയിലുള്ളവരുടെ ആരോഗ്യ സ്ഥിതിയും ആരോഗ്യപ്രവർത്തകർ വിലയിരുത്തും. നാട്ടിലെത്തുന്നവർക്ക് ഭക്ഷണമോ മരുന്നോ മറ്ര് അവശ്യസേവനങ്ങളോ ആവശ്യമായി വന്നാൽ അവ ലഭ്യമാക്കാനുള്ള സംവിധാനവും സർക്കാർ സജ്ജമാക്കും.