putin-

മോസ്കോ: കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനിടെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി റഷ്യ. ഇന്ന് മുതൽ രാജ്യത്ത് ഇളവുകൾ തുടങ്ങുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അറിയിച്ചു. കഴിഞ്ഞ ആറാഴ്ചയായി വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് നോൺ - വർക്കിംഗ് പിരീഡ‌് പ്രഖ്യാപിച്ചിരികുകയായിരുന്നു. എന്നാൽ ഇന്ന് മുതൽ രാജ്യമൊട്ടാകെ ഇത് നടപ്പാക്കില്ല.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുന്നതോടെ രാജ്യത്ത് ഉപാധികളോടെ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങും. ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള നാലാമത്തെ രാജ്യം റഷ്യയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം റഷ്യയിൽ റിപ്പോർട്ട് ചെയ്തത് 11,656 പുതിയ കൊവിഡ് കേസുകളാണ്. ഇതോടെ റഷ്യയിലെ ആകെ രോഗികളുടെ എണ്ണം 221,344 ആയി. 2,009 പേരാണ് ഇതേവരെ മരിച്ചത്.

ഇത്രയും കൂടുതൽ രോഗികൾ ഉണ്ടായിരുന്നിട്ടും റഷ്യയിലെ മരണ നിരക്ക് താഴ്ന്ന് നില്ക്കുന്നതിൽ വിദഗ്ദർ സംശയമുന്നയിക്കുന്നുണ്ട്. ഇന്നുമുതൽ റഷ്യയിൽ കൊവിഡ് തീവ്ര ബാധിത പ്രദേശങ്ങളിൽ മാത്രമാകും നിയന്ത്രണങ്ങൾ ഉണ്ടാകുക. നിർമാണം, കൃഷി തുടങ്ങിയ മേഖലകൾ പ്രവർത്തനമാരംഭിക്കും. അതേസമയം, പൊതു സ്ഥലങ്ങളിൽ ജനങ്ങൾ കൂട്ടം കൂടുന്നത് അനുവധിക്കില്ല. സാമ്പത്തിക മേഖല തകരാതിരിക്കാനാണ് നിയന്ത്രണങ്ങളിൽ അയവ് വരുത്തുന്നതെങ്കിലും രാജ്യത്ത് കൊവിഡ് ഭീതി ഒഴി‌ഞ്ഞിട്ടില്ലെന്ന് പുടിൻ ഓർമിപ്പിച്ചു.

രോഗവ്യാപനത്തിന്റെ തോത് ഇനിയും വർദ്ധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും പുടിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടകളിലും പൊതുഗതാഗത മേഖലയിലും ഫേസ്മാസ്കുകളും ഗ്ലൗസുകളും നിർബന്ധമാണ്. അനാവശ്യത്തിന് വീടിനു പുറത്തിറങ്ങാൻ പാടില്ല. വീടിനു പുറത്തിറങ്ങുന്നവരുടെ പക്കൽ യാത്രയ്ക്കുള്ള ഡിജിറ്റൽ പെർമിറ്റ് പാസ് നിർബന്ധമാണ്. മോസ്കോയിലാണ് റഷ്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.