covid-19

ന്യൂഡല്‍ഹി: ശനിയാഴ്ച കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത അഞ്ച് എയര്‍ഇന്ത്യാ പൈലറ്റുമാരുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്. ചൈനയിലേക്ക് ചരക്കുമായി പോയ ബോയിംഗ് 787 വിമാനത്തിലെ പൈലറ്റുമാരാണ് ഇവര്‍. പൈലറ്റുമാര്‍ക്ക് പുറമേ, ഒരു ടെക്‌നീഷ്യനും മറ്റൊരു ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിരുന്നു. അവര്‍ രണ്ടുപേരും നിരീക്ഷണത്തില്‍ തുടരുകയാണ്.

ശനിയാഴ്ച 77 പൈലറ്റുമാര്‍ക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നു. ആ പരിശോധനയിലാണ് അഞ്ചുപൈലറ്റുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ചുപേര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഏപ്രില്‍ 20ന് രോഗബാധിതരാകുന്നതിന് മുമ്പാണ് ഇവര്‍ വിമാനം പറത്തിയിരുന്നത്.

അഞ്ചുപൈലറ്റുമാരുടെയും ആദ്യ പരിശോധനാഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ ഇവരെ വീട്ടുനിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ രണ്ടാമത് റാന്‍ഡം പി.സി.ആര്‍ ടെസ്റ്റ് നടത്തിയപ്പോഴാണ് അഞ്ചുപേരുടെയും ഫലം നെഗറ്റീവായത്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു വ്യത്യാസം പരിശോധനാഫലത്തില്‍ സംഭവിച്ചത് എന്നതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

പൈലറ്റുമാര്‍ക്ക് ആദ്യപരിശോധന നടത്തിയ ടെസ്റ്റ്കിറ്റുകള്‍ക്ക് തകരാറുണ്ടായിരുന്നുവെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൈലറ്റുമാരുടെ പരിശോധനാഫലം പോസിറ്റീവാണെന്ന് ശനിയാഴ്ച വ്യോമയാന മന്ത്രാലയവും കേന്ദ്ര ആരോഗ്യമന്ത്രാലയവും സ്ഥിരീകരിച്ചിരുന്നു.