flight

തിരുവനന്തപുരം: കുടുങ്ങിക്കിടക്കുന്ന പ്രവാസികളുമായി ഖത്തറിൽനിന്ന്‌ തിരുവനന്തപുരത്തേ‌ക്കുള്ള ആദ്യ വിമാനമെത്തിച്ചേരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ യാത്രക്കാരെ വരവേൽക്കാൻ തലസ്ഥാന നഗരി ഒരുങ്ങി. 181 പേരുമായി ഞായറാഴ്‌ച വരാനിരിക്കെ മുടങ്ങിയ വിമാനം രാത്രി 12.40ന്‌ തിരുവനന്തപുരത്തെത്തും.

മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം സജ്ജമായി. കോഴിക്കോട് നിന്ന്‌ ആറ്‌ ജീവനക്കാരുമായി ഇന്നുച്ചയ്ക്ക് 1.30ന്‌ വിമാനം ദോഹയിലേക്ക്‌ പോകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കന്യാകുമാരി, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽനിന്നുള്ളവരാണ്‌ വിമാനത്തിലുള്ളത്‌. യാത്രക്കാരെ സ്വീകരിക്കാൻ മുഴുവൻ സജ്ജീകരണങ്ങളുമൊരുക്കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്‌തു.

പഴുതടച്ച പരിശോധനാ സംവിധാനമാണ്‌ വിമാനത്താവളത്തിലെത്തുന്ന പ്രവാസികൾക്കായി ഒരുക്കിയിട്ടുള്ളത്‌. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഹെൽപ്ഡെസ്കും സജ്ജീകരിച്ചു. പ്രവേശന കവാടത്തിൽ തെർമൽ ഫേസ് ഡിറ്റക്ഷൻ കാമറയടക്കം 10 ഘട്ട സുരക്ഷാ സംവിധാനമൊരുക്കിയിട്ടുണ്ട്‌. പരിശോധനയിൽ രോഗലക്ഷണങ്ങൾ ഇല്ലാത്ത തിരുവനന്തപുരം ജില്ലക്കാരെ നിരീക്ഷണ കേന്ദ്രത്തിലേ‌ക്ക്‌ മാറ്റും.

ഗർഭിണികൾ, കുട്ടികൾ എന്നിവരെ ടാക്‌സി മാർഗം വീടുകളിലെത്തിക്കും. മറ്റ്‌ ജില്ലക്കാരെ കെ.എസ്‌.ആർ.ടി.സി ബസ്‌ വഴി അതത്‌ നിരീക്ഷണ കേന്ദ്രത്തിലേ‌ക്ക്‌ എത്തിക്കും. രോഗലക്ഷണമുള്ളവരെയെല്ലാം മെഡിക്കൽ കോളേജിൽ പരിശോധനയ്‌ക്ക്‌ കൊണ്ടുപോകും. ബഹ്റിനിൽ നിന്ന് ഇന്ന് പുലർച്ചെ നെടുമ്പാശേരിയിലെത്തിയവരിൽ ചിലർക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ പഴുതടച്ച പരിശോധനാ സംവിധാനങ്ങളാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ക്രമീകരിച്ചിരിക്കുന്നത്.

ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങളുടെ അന്തിമ വിലയിരുത്തൽ ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരുമായി ഒരുശതമാനം പോലും നേരിട്ട് സമ്പർക്കമുണ്ടാകാത്ത വിധത്തിലാണ് പരിശോധനയുൾപ്പെടെയുള്ള നടപടികൾ ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലും ആറ് താലൂക്കുകളിലുമായി 20,000ത്തോളം യാത്രക്കാരെ പ്രവേശിപ്പിക്കാനുള്ള ക്വാറന്റൈൻ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.