ഹൈദരാബാദ്: കൃഷ്ണാ നദിയിലെ ജലം പങ്കിടുന്ന ശ്രീശൈലം ജലസേചന പദ്ധതിയെപ്പറ്റി ആന്ധ്രാപ്രദേശും തെലങ്കാനയും തമ്മിൽ രൂക്ഷമായ തർക്കം. കൃഷ്ണ നദിയിലെ ജലം ലിഫ്റ്റ് ഇറിഗേഷൻ സംവിധാനത്തിലൂടെ ജലസേചനത്തിനായി എടുക്കാനുള്ള ആന്ധ്ര മുഖ്യമന്ത്രി ജഗ് മോഹൻ റെഡ്ഡിയുടെ തീരുമാനത്തിനെതിരെ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു രംഗത്തെത്തി.
തർക്കം രൂക്ഷമായതോടെ കൃഷ്ണാ വാട്ടർ മനേജ്‌മെന്റ് ബോർഡിന് തെലങ്കാന സംസ്ഥാനം ഔദ്യോഗികമായി പരാതി നൽകി. പദ്ധതിയിലൂടെ 3 ടി.എം.സി ജലമാണ് ആന്ധ്ര ജലസേചനത്തിനായി തിരിച്ചുവിടുക. ശ്രീശൈലം പദ്ധതിയിലൂടെ ജലം എടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം തികച്ചും ഏകപക്ഷീയമാണെന്നും ഇത് സംസ്ഥാന പുന:സംഘടനാ കരാറിന്റെ നഗ്നമായ ലംഘനമാണെന്നും റാവു ആരോപിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കും. തീരുമാനം തെലങ്കാനയുടെ സംസ്ഥാന താത്പര്യങ്ങൾക്ക് തീർത്തും എതിരാണെന്ന് റാവു വ്യക്തമാക്കി.
ശ്രീശൈലം ജലസേചന പദ്ധതി ഇരു സംസ്ഥാനങ്ങളും ചേർന്ന് നടപ്പാക്കുന്നതാണ്. ഇതിൽ തമ്മിൽ ധാരണയാകാതെയാണ് പുതിയ ജലസേചന പദ്ധതിയുമായി ആന്ധ്രസർക്കാർ മുന്നോട്ട് പോകുന്നതെന്നെന്നും ഉന്നത തല സമിതിയുടെ അംഗീകാരമില്ലാതെ പദ്ധതി നടപ്പാക്കുന്നത് നിയമലംഘനമാണെന്നും അംഗീകരിക്കാനാകില്ലെന്നും റാവു ചൂണ്ടിക്കാട്ടി