ബീജിംഗ്: കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിലെ വുഹാൻ നഗരം വീണ്ടും ഭീതിയുടെ നിഴലിൽ. ഏപ്രിൽ എട്ടിന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനു ശേഷം വീണ്ടും വുഹാനിൽ കൊവിഡ് റിപ്പോർട്ട് ചെയ്തു. ചൈനയിൽ വീണ്ടുമൊരു രോഗവ്യാപന ഭീഷണിയുയർത്തിക്കൊണ്ട് രണ്ട് പുതിയ ക്ലസ്റ്ററുകളാണ് ഉടലെടുത്തിരിക്കുന്നത്. ഒന്ന് വുഹാനിലേതും മറ്റേത് ചൈനയുടെ വടക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന ഷുലാൻ നഗരത്തിലും. ഷുലാൻ വീണ്ടും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്.
വുഹാനിൽ പുതുതായി ആറ് കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എല്ലാവർക്കും സമ്പർക്കം മൂലമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. വുഹാനിലെ സാൻമിനിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടത്തെ 5000 ത്തോളം പേരിൽ നടത്തിയ പരിശോധനയിലൂടെയാണ് പുതിയ രോഗികളെ കണ്ടെത്തിയത്. സാൻമിനിൽ മാർച്ച് മുതൽ തന്നെ ഒരു 89 കാരന് കൊവിഡ് ലക്ഷണങ്ങൾ പ്രകടമായിരുന്നതായി പറയപ്പെടുന്നു. എന്നാൽ കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാൾക്ക് കൊവിഡ് ഉള്ളതായി അധികൃതർ സ്ഥിരീകരിച്ചത്. തുടർന്ന് നടന്ന പരിശോധനകളിൽ ഇയാളുടെ ഭാര്യയ്ക്കും നാല് അയൽക്കാർക്കും രോഗം കണ്ടെത്തി. ഇവർക്കാർക്കും രോഗ ലക്ഷണങ്ങൾ ഇല്ലായിരുന്നു. വരുന്ന 10 ദിവസത്തിനുള്ളിൽ വുഹാനിലെ എല്ലാ ജില്ലകളിലും വ്യാപകമായി കൊവിഡ് ടെസ്റ്റുകൾ നടത്താനുള്ള ഒരുക്കത്തിലാണ് വുഹാൻ.
റഷ്യ, ഉത്തര കൊറിയൻ അതിർത്തിയിൽ ജിലിൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഷുലാൻ നഗരമാണ് ചൈനയിൽ രണ്ടാമതൊരു കൊവിഡ് പൊട്ടിപ്പുറപ്പെടലിന് ആക്കം കൂട്ടുന്ന ക്ലസ്റ്റർ. ഇവിടത്തെ 7,00,000 ത്തോളം താമസക്കാരെ ലോക്ക്ഡൗണിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ 14 കേസുകളാണ് ഷുലാനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 45 വയസുള്ള ഒരു സ്ത്രീയിൽ നിന്നുള്ള സമ്പർക്കത്തിലൂടെയാണ് രോഗവ്യാപനം നടന്നിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അലക്കുകാരിയായ ഇവർക്ക് കൊവിഡ് കണ്ടെത്തിയത്. എന്നാൽ, ഇവർക്ക് എവിടെ നിന്നും രോഗം വന്നുവെന്ന് അധികൃതർ ഇതേവരെ കണ്ടെത്തിയിട്ടില്ല. റഷ്യയുമായി അതിർത്തി പങ്കിടുന്ന ചൈനയിലെ വടക്ക്കിഴക്കൻ പ്രവിശ്യകളും ഭീഷണിയിലാണ്.
കഴിഞ്ഞ 14 ദിവത്തിനുള്ളിൽ ഏഴ് പ്രവിശ്യകളിലാണ് ചൈനയിൽ വീണ്ടും കൊവിഡ് കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാൾക്ക് മാത്രമാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. വുഹാനിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ലോക്ക് ഡൗൺ പിൻവലിച്ചതിന് ശേഷം 760 പേർക്കാണ് ചൈനയിൽ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. വുഹാനിൽ 606 പേർക്ക് കൊവിഡ് ബാധ കണ്ടെത്തിയെങ്കിലും ചുമ, പനി, തൊണ്ടവേദന തുടങ്ങി യാതൊരു ലക്ഷണങ്ങളും പ്രകടമാക്കിയിട്ടില്ല. ഇവർ നിരീക്ഷണത്തിൽ കഴിയുകയാണ്. ലക്ഷണങ്ങളില്ലാതെ വൈറസ് ബാധ കണ്ടെത്തുന്നത് ആശങ്കാജനകമാണെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. ചൈനയിൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ട നാൾ മുതൽ ആകെ 82,919 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 4,633 പേരാണ് മരണത്തിന് കീഴടങ്ങിയത്. 115 പേരാണ് ഇപ്പോഴും ചികിത്സയിലുള്ളത്.