കൊവിഡിനൊപ്പം ജീവിക്കാൻ ശീലിച്ചോളൂ എന്നാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്രസർക്കാർ പൊതുസമൂഹത്തെ നോക്കി പറഞ്ഞത്. രാജ്യമെങ്ങും ഇപ്പോൾ ചർച്ച ചെയ്യുന്നത് കേന്ദ്രത്തിന്റെ ഈ ആഹ്വാനമാണ്. എന്നാൽ, അതിന് മുമ്പുതന്നെ ഏതാണ്ടൊക്കെ കൊവിഡിനോട് പൊരുത്തപ്പെട്ട് ജീവിതത്തെ മുന്നോട്ട് നയിക്കുകയെന്ന ശീലത്തിലേക്ക് ലോകസമൂഹം മാറിക്കഴിഞ്ഞിട്ടുണ്ട്.
ഇങ്ങനെയുള്ളൊരു കൊവിഡ് കാലത്ത് രാഷ്ട്രീയം ഏതുനിലയിൽ ചിന്തിക്കണം എന്നത് ചർച്ചാവിഷയമാണ്. കൊവിഡ്-19 മഹാമാരിയുടെ ഇന്ത്യയിലേക്കുള്ള ആദ്യത്തെ വരവുണ്ടായ സംസ്ഥാനം എന്ന നിലയിലും രാഷ്ട്രീയം ഏറെ വൈകാരികമായി കൊണ്ടുനടക്കുന്ന സമൂഹമെന്ന നിലയിലും മലയാളിസമൂഹം കൊവിഡ് കാലത്തെ രാഷ്ട്രീയത്തെ സമീപിക്കുന്നതെങ്ങനെയന്നത് കൗതുകകരമായ ചോദ്യമാണ്. പ്രത്യേകിച്ച്, നാലര മാസം പിന്നിടുമ്പോൾ കേരളം തിരഞ്ഞെടുപ്പ് കാലത്തേക്ക് കടക്കാനിരിക്കെ. കൊവിഡ് അസ്തമിച്ചില്ലെങ്കിലും അതിന്റെ കാഠിന്യത്തിൽ അയവുണ്ടായേക്കാമെന്ന പ്രതീക്ഷയിൽ ഒക്ടോബറിൽ തന്നെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുമെന്ന കണക്കുകൂട്ടലിലാണ് കേരളത്തിലെ രാഷ്ട്രീയ മുന്നണികൾ.
പ്രാദേശികതലത്തിൽ ജനവികാരത്തിന്റെ അളവുകോലാകുന്ന തദ്ദേശതിരഞ്ഞെടുപ്പിനായി മുന്നണികൾ കച്ച മുറുക്കുന്നതിനിടയിലാണ് അശനിപാതം പോലെ കൊവിഡ് മാരി വന്നുപതിച്ചത്. സഞ്ചാരസ്വാതന്ത്ര്യത്തിനും ഒത്തുചേരലുകൾക്കും വിലക്കുള്ള ഈ ലോക്ക് ഡൗൺ കാലത്ത് പ്രചാരണരംഗത്തെ പരിമിതികൾ തുറിച്ചുനോക്കുമ്പോൾ നവമാദ്ധ്യമങ്ങളുടെ വലിയ സാദ്ധ്യതയെ കണ്ടറിഞ്ഞ് പ്രയോജനപ്പെടുത്താൻ മുന്നണികൾ മത്സരിക്കുന്നു. സ്വാഭാവികമായി നേരത്തേ കാര്യങ്ങൾ കണ്ടറിഞ്ഞ് നീക്കാറുള്ള ഇടതുമുന്നണി, പ്രത്യേകിച്ച്, സി.പി.എം ഇക്കാര്യത്തിൽ ഒരുപടി മുന്നിലോടി. കൊവിഡ് വ്യാപനത്തിന്റെ ഭീഷണി തുടക്കകാലത്ത് ഏറ്റവും ഉയർന്ന നിലയിലായിരുന്ന കേരളത്തിൽ അതിനെ അങ്ങേയറ്റത്തെ ജാഗ്രതയോടെ താഴേക്ക് പിടിച്ചിറക്കിക്കൊണ്ടുവന്നത് സംസ്ഥാനസർക്കാരിന് ലോകമെങ്ങും ശ്രദ്ധ നേടിക്കൊടുത്തു. വിദേശമാദ്ധ്യമങ്ങൾ കൗതുകപൂർവ്വം കേരളത്തെ നോക്കിയത്, കമ്യൂണിസ്റ്റ് ഭരണമുള്ള നാട് എന്ന നിലയിൽ കൂടിയാണ്. വിയറ്റ്നാമിന്റെ കൊവിഡ് നിയന്ത്രണമാതൃകയോട് കേരളമാതൃകയെ തുലനം ചെയ്യുന്ന വാർത്തകളുമുണ്ടായി.
എല്ലാം കൊവിഡ് എന്ന ഒറ്റ ബിന്ദുവിലേക്ക് കേന്ദ്രീകരിക്കപ്പെട്ട് നീങ്ങുമ്പോൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയച്ചൂടിന്റെ കാഠിന്യം നല്ലപോലെ തിരിച്ചറിയുന്ന കേരളത്തിലെ പ്രതിപക്ഷത്തിന്, ഏതുവഴിക്ക് നീങ്ങണമെന്ന ചോദ്യം സജീവമാണ്. കൊവിഡ് പ്രതിരോധത്തിന് എല്ലാവരും ഒന്നിച്ചുനിൽക്കുമ്പോൾ ദോഷൈകദൃക്കിന്റെ രാഷ്ട്രീയം പാടുണ്ടോയെന്ന ചോദ്യം ഒരു വശത്തും സർക്കാരിന്റെ ഭരണമികവിനെ ഉയർത്തിക്കാട്ടിയുള്ള പ്രചരണം മറുവശത്തും.
മുഖ്യമന്ത്രിക്കൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രതിപക്ഷനേതാവ് പിന്നീടുള്ള നാളുകളിൽ സർക്കാരിന്റെ ഉദ്ദേശശുദ്ധികളിൽ സംശയം മണത്തുതുടങ്ങിയത് കൊവിഡാനന്തരകാലത്തെ മുന്നിൽ കരുതിയാണ്. കൊവിഡ് രോഗബാധിതരുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലറിന്റെ പങ്കാളിത്തം സർക്കാർ തേടിയതോടെ പ്രതിപക്ഷം അത് മികച്ച അവസരമാക്കിയെടുത്ത് സർക്കാരിനെ പ്രതിരോധത്തിലേക്ക് തള്ളിയിടാൻ ശ്രമിച്ചു. ഒരു പരിധിവരെ സർക്കാർ പ്രതിരോധത്തിലേക്ക് നീങ്ങാൻ ഈ ആക്രമണം വഴിയൊരുക്കിയെന്നത് കാണാതിരിക്കാനാവില്ല.
കൊവിഡ് വ്യാപനത്തെ തടഞ്ഞുനിറുത്തുന്നതിലുണ്ടായ കേരളമാതൃക ലോകമാകെ പ്രകീർത്തിക്കപ്പെടുന്ന സന്ദർഭത്തിൽ സംസ്ഥാനത്തിന് അടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നു. അത് പ്രവാസികളുടെ പിൻമടക്കമാണ്. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കൂട്ടത്തോടെ മലയാളികൾ സ്വന്തം നാടിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങാനൊരുങ്ങുമ്പോൾ സംസ്ഥാനം രോഗവ്യാപനത്തിന്റെ മൂന്നാംഘട്ട സാദ്ധ്യതയെക്കുറിച്ച് ആശങ്കപ്പെടുന്നു. എന്നാൽ, സ്വന്തം നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരെ തള്ളിപ്പറയാനുമാവില്ല.
കൊവിഡ് കാലത്തെ പലായനത്തിന്റെ രാഷ്ട്രീയം നല്ലപോലെ തിരിച്ചറിഞ്ഞ് കൊണ്ടാവണം അന്യസംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവരുടെ യാത്രാച്ചെലവ് വഹിക്കാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റികളോട് ആഹ്വാനം ചെയ്ത് എ.ഐ.സി.സി അദ്ധ്യക്ഷ സോണിയഗാന്ധി രംഗത്തെത്തിയത്. കേരളത്തിലെ പി.സി.സി നേതൃത്വം ഇതിനെ മികച്ച രാഷ്ട്രീയാവസരമാക്കാതിരുന്നില്ല. അയൽസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങാനാഗ്രഹിച്ചവർ കൂട്ടത്തോടെ അതിർത്തികളിലെത്തി വിലപിക്കുന്ന കാഴ്ചയെ അവർ സർക്കാരിന്റെ പിടിപ്പുകേടിന്റെ പ്രതിഫലനമായി വ്യാഖ്യാനിക്കാൻ ശ്രമിച്ചു. ബംഗലുരുവിൽ നിന്നും മറ്റും അവിടത്തെ പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുടെ സഹകരണത്തോടെ പണം മുടക്കി മലയാളികളെ നാട്ടിലെത്തിക്കാൻ നീക്കമാരംഭിക്കുകയും അതിന് വലിയ തോതിൽ പ്രചാരണം നൽകുകയും ചെയ്തു. കേരളത്തിൽ നിന്ന് സ്വന്തം നാടുകളിലേക്ക് പോകുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള യാത്രാക്കൂലിയുമായി ജില്ലാ കളക്ടർമാരെ കാണാനെത്തിയ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് പക്ഷേ കാശ് നൽകാനാവാതെ മടങ്ങേണ്ടി വന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസ് നീക്കത്തെ പരിഹസിക്കുകയായിരുന്നു.
സർക്കാരിന്റെ വരുമാന സ്രോതസ്സുകളെല്ലാം നിലച്ചുപോകുന്ന അസാധാരണസ്ഥിതിവിശേഷമാണ് ഇന്ത്യാ രാജ്യത്തും കേരള സംസ്ഥാനത്തും. കൊവിഡിനെ തടഞ്ഞുനിറുത്താൻ ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ടി വരുമ്പോൾ ഇത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ഏത് ചെലവും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സ്വമേധയാ ഏറ്റെടുക്കുന്നതിന് പരിമിതികളും ഏറെയാണ്. കൊവിഡ് അകന്നുപോയാലും രാഷ്ട്രീയം തീവ്രനിലയിൽ തുടരുമെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളേണ്ടി വരുന്നത് കൊണ്ട് മാത്രം പലായനത്തിന്റെ രാഷ്ട്രീയത്തെ ആവോളം ഉപയോഗപ്പെടുത്താൻ കേരളത്തിലെ പ്രതിപക്ഷം ശ്രമിക്കുന്നു.
അപ്പോഴാകട്ടെ, സംസ്ഥാന അതിർത്തികളിലെ കൂട്ടവിലാപത്തിന് കേരളീയമനസ്സിനെ എളുപ്പത്തിൽ വശീകരിക്കാനാകുമോയെന്നത് ഈ കൊവിഡ് മഹാമാരിയുടെ കാലത്തെ വലിയ ചോദ്യമാണ്. ഈ മഹാമാരി സൃഷ്ടിക്കുന്ന ആഘാതം എത്രത്തോളമെന്നത് കേരളത്തിനകത്ത് തന്നെയുള്ളവർ 49 ദിവസം പിന്നിട്ടുകഴിഞ്ഞ ലോക്ക് ഡൗൺ കാലയളവിനുള്ളിൽ തിരിച്ചറിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സായാഹ്ന വാർത്താസമ്മേളനങ്ങൾക്ക് വലിയ സ്വീകാര്യത നേടാനായത് അതിന്റെ പ്രതിഫലനമാണ്. അതിർത്തികളിൽ നിന്നുള്ള ആളുകളുടെ കടന്നുവരവിന് സംസ്ഥാനസർക്കാർ ഏർപ്പെടുത്തിയ ക്രമീകരണം തന്നെയാണ് യഥാർത്ഥ പ്രതിരോധത്തിന് പോംവഴിയെന്ന തോന്നലിലാണ് ജനമനസ്സുകളേറെയും. സ്പ്രിൻക്ലർ കമ്പനിയുമായി സർക്കാർ ഏർപ്പെട്ട കരാറിൽ സംഭവിച്ച തിടുക്കത്തിൽ കോടതി പോലും സംശയമുന്നയിച്ചിട്ടും കേരള രാഷ്ട്രീയത്തിൽ ആ വിവാദം പെട്ടെന്ന് കത്തിത്തീരുന്നത് നാം കണ്ടു. കൊവിഡ് പ്രതിരോധത്തിനായി സർക്കാർ എന്തെങ്കിലുമൊക്കെ ചെയ്യുന്നുവെന്ന വിശ്വാസം ജനമനസ്സുകളിൽ വലിയ അളവിൽ ഉണർത്താൻ സർക്കാരിന്റെ പല തലങ്ങളിലുള്ള പ്രചരണസംവിധാനത്തിന് സാധിച്ചിരിക്കുന്നു.
ഈ യാഥാർത്ഥ്യത്തെ ഉൾക്കൊണ്ടുള്ള ക്രിയാത്മക സമീപനം പ്രതിപക്ഷം അതിന്റെ റോൾ നിർവഹിക്കുമ്പോൾ പുലർത്തേണ്ടിയിരിക്കുന്നു. ദോഷൈകദൃക്ക് സമീപനം മാത്രമായാൽ ഗുണമാകില്ലെന്ന ചിന്ത ഏതാനും മാസങ്ങൾക്കകത്ത് വന്നുചേരാനുള്ള തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ ഉണ്ടാവണം. അങ്ങേയറ്റത്തെ വെല്ലുവിളി നിറഞ്ഞതാണ് ഈ ദൗത്യം. പക്ഷേ കൊവിഡിനൊപ്പം ജീവിക്കാൻ ഇന്നത്തെ കേരളരാഷ്ട്രീയവും നിർബന്ധിതമാവേണ്ടിയിരിക്കുന്നു.
1984ൽ ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടർന്ന് രാജ്യം അത്യഗാധമായ നേതൃത്വപ്രതിസന്ധിയെ അഭിമുഖീകരിച്ച് നിന്നപ്പോൾ, രാഷ്ട്രീയം വൃത്തികെട്ട ഏർപ്പാടെന്ന് പരസ്യമായി പ്രഖ്യാപിച്ചുനിന്ന രാജീവ്ഗാന്ധിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനെ അന്നത്തെ ഇടതുപക്ഷം എതിർക്കാതിരുന്നില്ലേയെന്ന് സി.പി.എം കേന്ദ്രങ്ങൾ ചോദിക്കുന്നുണ്ട്. അതുപോലെയല്ലെങ്കിലും ഈ മഹാമാരി മറ്റൊരുതലത്തിൽ വലിയ പ്രതിസന്ധിഘട്ടമാണ്. ഉല്പാദനമേഖലയിൽ ശ്രദ്ധിക്കാതെ വിദേശനാണ്യശേഖരം മതിയെന്ന് ചിന്തിച്ചുനിന്ന കേരളത്തെ മാറിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുകയാണ് കൊവിഡ്കാലം. ഉല്പാദനസ്വയംപര്യാപ്തതയില്ലെങ്കിൽ ഭാവി കറുത്തിരുണ്ടതാണെന്ന സത്യമാണ് മുന്നിൽ. അത്തരം വിഷയങ്ങളെ ചെറിയതോതിലെങ്കിലും അഭിമുഖീകരിക്കാനുള്ള ഇടപെടലുണ്ടെന്ന സൂചനകൾ മുഖ്യമന്ത്രി പ്രതിദിനവാർത്താസമ്മേളനങ്ങളിലൂടെ നൽകിയിട്ടുണ്ട്. കോൺഗ്രസായാലും ബി.ജെ.പിയായാലും അതിലെത്രത്തോളം സക്രിയമായി ഇടപെടാനാകുന്നുവെന്നതിനെ കൂടി ആശ്രയിച്ചിരിക്കുന്നു അവരുടെ ഭാവി.