ന്യൂഡൽഹി: എയര്‍ കണ്ടീഷന്‍ഡ് കോച്ചുകളിലെ ട്രെയിന്‍ യാത്ര കൊവിഡ് രോഗം പടരാൻ സാധ്യത കൂട്ടുമെന്ന മുന്നറിയിപ്പുമായി സാമൂഹിക സുരക്ഷ മിഷൻ. സാമുഹിക സുരക്ഷ മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലാണ് ഫേസ്‌ബുക്കിലൂടെ ആശങ്ക പങ്കുവച്ചത്. എന്നാല്‍ ആശങ്ക വേണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. യാത്രയ്ക്ക് മുമ്പ് പ്രാഥമിക പരിശോധനകള്‍ നടത്തുമെന്നും യാത്രയിൽ സാമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേരളത്തിലേക്ക് അടക്കം പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിനുകളിലെല്ലാം രാജധാനി മോഡല്‍ എ.സി കോച്ചുകളാണ് മുഴുവന്‍. ഇത് കൊവിഡ് രോഗവ്യാപനത്തിന് കാരണമാകുമോയെന്നാണ് ആശങ്ക ഉയര്‍ന്നിരിക്കുന്നത്. അതേസമയം താപനിയന്ത്രണത്തോടെയാണ് ട്രെയിന്‍ പുറപ്പെടുകയെന്നാണ് റെയില്‍വെ വിശദീകരിക്കുന്നത്.
ശീതീകരിച്ച ഊഷ്മാവില്‍ രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്ന് നേരത്തെ തന്നെ വൈറോളജി വിദഗ്ധരും ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൂര്‍ണമായും ശീതീകരിച്ച രാജധാനി എക്സ്പ്രസ് കേരളത്തിലേക്ക് അടക്കം പുറപ്പെടുന്നത്.
യാത്രക്കാർ തുമ്മുകയോ, ചുമക്കുകയോ ചെയ്യുമ്പോഴുണ്ടാകുന്ന ഡ്രോപ്പ്ലെറ്റുകളിലൂടെയാണ് വൈറസ് വ്യാപനം സംഭവിക്കുന്നത്. കുറഞ്ഞ താപനിലയില്‍ ഇവ അന്തരീക്ഷത്തില്‍ നില്‍ക്കാനും കൂടുതല്‍ പേരിലേക്ക് എത്താനും സാധ്യതുണ്ടെന്നാണ് കരുതുന്നത്. അതിനാല്‍ രോഗബാധയുള്ളവര്‍ ട്രെയിനില്‍ പ്രവേശിച്ചാല്‍ മറ്റ് യാത്രക്കാര്‍ക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.
അതേസമയം തിരക്ക് കൂടുന്നതിന് അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ റെയിൽവെ വർദ്ധനവ് വരുത്തിയിട്ടുണ്ട്. തേഡ് എ.സി ടിക്കറ്റിന് 2500 മുതല്‍ 5000 രൂപവരെയാണ് നിരക്ക്. സാധാരണക്കാര്‍ക്ക് നിരക്ക് വര്‍ദ്ധനവ് താങ്ങാനാകുന്നില്ലെന്ന ആരോപണവും സജീവമാണ്.