തിരുവനന്തപുരം:അബ്കാരി ചട്ട ഭേദഗതിക്ക് നീക്കം.ബാറുകൾ വഴി മദ്യം പാഴ്സലായി നൽകുന്നതിനുള്ള അനുമതി നൽകാൻ സർക്കാരിൽ ധാരണയായിട്ടുണ്ട്. ഇതിനായി അബ്കാരി ചട്ടഭേദഗതിക്ക് എക്സൈസ് വകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്. ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിൽ മദ്യവിൽപന ആരംഭിക്കുന്നതിനോടൊപ്പം തന്നെ ബാറുകളിലെ കൗണ്ടറുകൾ വഴിയും മദ്യം വിൽക്കാനാണ് നീക്കം എന്നാണ് റിപ്പോർട്ട്.നിലവിൽ മദ്യം റീട്ടെയിലായി വിൽക്കാനുള്ള അധികാരം ബാറുകൾക്കില്ല. ഇതിനാണ് അബ്കാരി ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നത്.
അതേസമയംനാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്ന കള്ളുഷാപ്പുകളിൽ കർശന നിരീക്ഷണം നടത്തണമെന്ന് എക്സൈസ് കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കള്ളുഷാപ്പുകളിൽ ഒരൊറ്റ കൗണ്ടർ മാത്രമായിരിക്കും പ്രവർത്തിക്കുക. കള്ളു വേണമെന്നുള്ളവർ കുപ്പിയും കൊണ്ടുവരണം.സംസ്ഥാനത്താകെ 3000-ത്തിലധികം ഷാപ്പുകൾ നാളെ തുറക്കുമെന്നാണ് കരുതുന്നത്. രാവിലെ ഒമ്പതുമുതൽ വൈകുന്നേരം ഏഴുമണിവരെ ഒരാൾക്ക് ഒന്നരലിറ്റർ കള്ള് പാഴ്സലായി വാങ്ങാം. ഷാപ്പിൽ ഇരുന്നു കഴിക്കാൻ അനുവാദമില്ല. ഭക്ഷണവും അനുവദിക്കില്ല.
സാമൂഹിക അകലം പാലിക്കണമെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. ആവശ്യമായ തൊഴിലാളികളെ മാത്രമേ ഷാപ്പിൽ അനുവദിക്കൂ.