കല്ലമ്പലം:തുടർച്ചയായ കാറ്റിലും മഴയിലും പള്ളിക്കൽ, കല്ലമ്പലം മേഖലകളിൽ വ്യാപക നാശനഷ്ടം. പള്ളിക്കൽ വിനോദ് ഭവനിൽ രാഘവന്റെ വീടിനു മുകളിൽ മരം കടപുഴകി വീണ് മേൽക്കൂര തകർന്നു. കരവാരം പഞ്ചായത്തിലെ ലക്ഷംവീട് കോളനിയിൽ കാറ്റിൽ എട്ടോളം വീടുകൾ ഭാഗീകമായി തകർന്നു. ആലംകോട് ഗവ.വി.എച്ച്.എസ്.എസിലെ സ്റ്റേജിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയതിലൂടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി പി.ടി.എ ഭാരവാഹികൾ അറിയിച്ചു. പലയിടത്തും കാറ്റിൽ മരച്ചില്ലകൾ ഒടിഞ്ഞുവീണ് വൈദ്യുത ബന്ധം തകരാറിലാക്കി. മണമ്പൂർ, പള്ളിക്കൽ പഞ്ചായത്തുകളിൽ ഏഴോളം വീടുകൾ ഭാഗീകമായി തകർന്നു. പച്ചക്കറികളും, വാഴകളും കൂട്ടത്തോടെ നിലംപതിക്കുകയും വെള്ളത്തിലാവുകയും ചെയ്തത് കർഷകരെ ദുരിതത്തിലാക്കി. കുടവൂർ വില്ലേജ് പരിധിയിലെ പുതുശ്ശേരിമുക്കിൽ ശക്തമായ വെള്ളപ്പാച്ചിലിൽ വണ്ടിത്തടം വരെ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നു. തുടർന്ന് വെള്ളം അടുത്ത പുരയിടത്തിലേക്ക് ഒഴുകിക്കയറിയതിലൂടെ വീടിന്റെ മതിലും തകർന്നു. പുതിശ്ശേരിമുക്ക് രോഹിണിയിൽ ഗോകുൽദാസിന്റെ ചുറ്റുമതിലും തകർന്നു. സാജ് വില്ലയിൽ ഷീബയുടെ പച്ചക്കറിയുൾപ്പെടെയുള്ള കൃഷി നശിച്ചു. റഹാത്തിൽ സമീറിന്റെ വീടിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറിയത് പരിഭ്രാന്തിയുണ്ടാക്കി.ഒടുവിൽ മതിൽ കുത്തിപ്പൊളിച്ച് വെള്ളം ഒഴുക്കിവിട്ടതിനാൽ നാശനഷ്ടമുണ്ടായില്ല. വില്ലേജ്,പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.