ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധചെയ്യും. രാത്രി എട്ടുമണിക്കാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. നാലാം ഘട്ട ലോക്ക്ഡൗണിനെക്കുറിച്ചുള്ള പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് കരുതുന്നത്. സാമ്പത്തിക പാക്കേജുകൾ,പൊതുഗതാഗതം ഉൾപ്പെടെയുള്ള കൂടുതൽ പ്രഖ്യാപനം ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു.
ഇന്നലെ ലോക്ക്ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തിയിരുന്നു.കൊവിഡ് ഹോട്ട്സ്പോട്ടായ മേഖലകളിൽ ലോക്ക്ഡൗൺ കർശനമായി തുടരാനും രോഗബാധ നിയന്ത്രിക്കപ്പെട്ട മേഖലകളിൽ ഇളവുകൾ നൽകി ലോക്ക് ഡൗൺ നീട്ടാനുമാണ് ഇന്നലത്തെ ചർച്ചയിലുണ്ടായ ധാരണ. മെയ് 17-നാണ് ലോക്ക്ഡൗൺ മൂന്നാം ഘട്ടം അവസാനിക്കുന്നത്.ഏതൊക്കെ മേഖലകളിൽ കൂടുതൽ ഇളവുകൾ വേണമെന്ന് സംസ്ഥാനങ്ങൾ മൂന്നുദിവസത്തിനകം അറിയിക്കണമെന്നും മുഖ്യമന്ത്രിമാരുമാരുടെ യോഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ട് കിട്ടുന്നതിനു മുമ്പാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
രാജ്യത്ത് പുനരാരംഭിച്ച ട്രെയിൻ സർവീസ് പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. ലോക്ക് ഡൗണിൽ ഏർപ്പെടുത്തേണ്ട ഇളവുകളെ സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രമന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാരോട് ആവശ്യപ്പെട്ട മോദി ലോക്ക് ഡൗണിനു ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാൻ എല്ലാവരും തയ്യാറെടുക്കണമെന്നും പറഞ്ഞിരുന്നു.