മോസ്കോ : റഷ്യയിൽ സെന്റ് പീറ്റേഴ്സ്ബർഗിൽ ഒരു ആശുപത്രിയിലുണ്ടായ തീപിടിത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അഞ്ച് കൊവിഡ് രോഗികൾ മരിച്ചു. വൈബോർഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സെന്റ് ജോർജ് ഹോസ്പിറ്റലിന്റെ ആറാം നിലയിലാണ് അപകടമുണ്ടായത്. വെന്റിലേറ്ററിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് റഷ്യൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തീ നിയന്ത്രണാവിധേയമാക്കിയതായും 150 പേരെ ആശുപത്രിയിൽ നിന്നും മാറ്റിയതായും അധികൃതർ വ്യക്തമാക്കി. എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമല്ല. മരിച്ചവരിൽ എല്ലാവരും വെന്റിലേറ്ററുകളിൽ കഴിഞ്ഞിരുന്നവരാണ്.
4.9 ദശലക്ഷം ജനങ്ങൾ ജീവിക്കുന്ന സെന്റ് പീറ്റേഴ്സ്ബർഗിൽ 5,483 ആശുപത്രി കിടക്കകളാണ് കൊവിഡ് രോഗികൾക്കായി സജ്ജമാക്കിയിട്ടുള്ളത്. റഷ്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മൂന്നാമത്തെ നഗരമാണ് സെന്റ് പീറ്റേഴ്സ്ബർഗ്. സെന്റ് പീറ്റേഴ്സ്ബർഗിൽ 7,700 പേർക്കാണ് കൊവിഡ് ബാധ കണ്ടെത്തിയത്. ഇതേ വരെ 56 മരണങ്ങൾ ഇവിടെ രേഖപ്പെടുത്തി.
സെന്റ് ജോർജ് ഹോസ്പിറ്റൽ മാർച്ച് അവസാനമാണ് കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്. രാജ്യത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് അഗ്നിബാധയുണ്ടായിരിക്കുന്നത്. നിലവിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മൂന്നാമത്തെ രാജ്യമാണ് റഷ്യ. യു.കെയെയും ഇറ്റലിയേയും പിന്തള്ളിയാണ് രോഗികളുടെ എണ്ണത്തിൽ റഷ്യ മൂന്നാം സ്ഥാനത്തെത്തിയത്. 2,32,243 പേർക്കാണ് ഇതേ വരെ റഷ്യയിൽ രോഗം സ്ഥിരീകരിച്ചത്. എന്നാൽ മരണ സംഖ്യ മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് തീരെ കുറവാണ്. 2,116 മരണങ്ങൾ മാത്രമാണ് ഇതേ വരെ റഷ്യയിൽ രേഖപ്പെടുത്തിയത്. അതേ സമയം യു.കെയിൽ 32,065 മരണവും ഇറ്റലിയിൽ 30,739 മരണവുമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ റഷ്യയിൽ 10,899 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 107 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് മരിച്ചത്. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് പരിശോധനകൾ നടന്ന രാജ്യം റഷ്യയാണ്.