covid

അക്ര: ഘാനയിലെ ഒരു ഫിഷ് പ്രോസസിംഗ് പ്ലാന്റിലെ നൂറുകണക്കിന് ജോലിക്കാർക്ക് കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ഘാന പ്രസിഡന്റ് നാന അകുഫോ - അഡോ പറഞ്ഞു. തുറമുഖ നഗരമായ ടെമയിലെ ഫാക്ടറിയിലെ 533 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർക്കെല്ലാം തന്നെ ഫാക്ടറിയിലെ തന്നെ ഒരു ജീവനക്കാരനിൽ നിന്നാണ് രോഗം പകർന്നതെന്നും അഡോ വ്യക്തമാക്കി. കഴിഞ്ഞ മാസം അവസാനമാണ് ഫാക്ടറിയിലെ 921 ജീവനക്കാരുടെ സ്രവം കൊവിഡ് പരിശോധനയ്ക്കായി അയച്ചത്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. ഘാനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ വച്ച് ഏറ്റവും വലിയ ക്ലസ്റ്ററാണിത്.

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ ഇതേവരെ 4,700 പേർക്ക് രോഗം സ്ഥിരീകരിച്ചു. 22 പേരാണ് ഇതേവരെ മരിച്ചത്. രാജ്യത്ത് വൈറസ് ടെസ്റ്റുകൾ വ്യാപകമാക്കിയതാണ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരാൻ കാരണമെന്ന് അധികൃതർ പറയുന്നു. 1,60,000 ടെസ്റ്റുകൾ ഇതേവരെ നടന്നതായാണ് ഘാന ആരോഗ്യ മന്ത്രാലയം പറയുന്നത്. കൂടാതെ പരിശോധനകൾ വേഗത്തിലാക്കാൻ ഏഴ് പരിശോധനാകേന്ദ്രങ്ങൾ കൂടി പുതുതായി സ്ഥാപിച്ചു. രാജ്യത്ത് ജനങ്ങൾ കൂട്ടം കൂടുന്നതിനെതിരെ നിലനില്ക്കുന്ന നിയന്ത്രണങ്ങൾ തുടരുമെന്നും സ്കൂളുകളും അതിർത്തികളും അടഞ്ഞ് കിടക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. കഴിഞ്ഞ മാസം ഘാനയിലെ പ്രധാന നഗരങ്ങളിൽ മൂന്ന് ആഴ്ച നീണ്ടു നിന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു.