ദോഹ: കൊവിഡിനെ തുരത്താൻ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ ഖത്തര്‍ എയര്‍വെയ്‌സ് ആദരിക്കുന്നു. ഒരു ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യമായി ടിക്കറ്റ് നല്‍കുമെന്ന് ഖത്തര്‍ എയര്‍വെയ്സ് പ്രഖ്യാപിച്ചു. സൗജന്യ ടിക്കറ്റിന് വേണ്ടി ഖത്തര്‍ എയര്‍വെയ്സ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്ന് രാത്രി ഖത്തര്‍ സമയം 12.01 മുതല്‍ ആരംഭിക്കുന്ന രജിസ്ട്രേഷന്‍ മെയ് 18 ന് രാത്രി 11.59ന് അവസാനിക്കും.
ഫോം പൂരിപ്പിച്ച് നല്‍കി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുന്‍ഗണനാ ക്രമപ്രകാരം പ്രൊമോഷന്‍ കോഡ് ലഭിക്കും. ലോകത്തെ എല്ലാ രാജ്യത്തുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും സൗജന്യ ടിക്കറ്റിന് വേണ്ടി അപേക്ഷിക്കാവുന്നതാണ്. അപേക്ഷാപ്രക്രിയ സുതാര്യവും നീതിപൂര്‍വവും ആക്കുന്നതിന് ഒരോ രാജ്യത്തും ജനസംഖ്യ അനുസരിച്ച് ദിവസം നിശ്ചിത ടിക്കറ്റുകള്‍ നീക്കിവയ്ക്കും. ദിവസവും രാത്രി 12.01 അതത് ദിവസത്തെ ടിക്കറ്റ് അലോക്കേഷന്‍ പുറത്തുവിടും.
പ്രമോഷന്‍ കോഡ് ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ എയര്‍വെയ്സ് സര്‍വീസ് നടത്തുന്ന ലോകത്തെ ഏത് നഗരത്തിലേക്കും രണ്ട് എക്കോണമി ക്ലാസ് റിട്ടേണ്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. കൂടെവരുന്നയാള്‍ക്കു വേണ്ടിയാണ് രണ്ടാമത്തെ ടിക്കറ്റ്.
ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥതയും കാരുണ്യവും പ്രൊഫഷണലിസവും നൂറുകണക്കിന് പേരുടെ ജീവന്‍ രക്ഷിച്ചതായി ഖത്തര്‍ എയര്‍വെയ്സ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാക്കിര്‍ പറഞ്ഞു. ഈ സമര്‍പ്പണത്തിന് നന്ദിപ്രകടിപ്പിക്കാനുള്ള വഴിയായാണ് സൗജന്യടിക്കറ്റിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ 26 ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യണം. 2020 ഡിസംബര്‍ 10 വരെയുള്ള യാത്രയ്ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. യാത്ര ചെയ്യേണ്ട സ്ഥലമോ തിയ്യതിയോ പ്രത്യേക ഫീസ് ഇല്ലാതെ എത്ര തവണ വേണമെങ്കിലും മാറ്റാവുന്നതാണ്.