മെക്സിക്കോ സിറ്റി : മെക്സിക്കോയിൽ പടിഞ്ഞാറൻ സംസ്ഥാനമായ ഹാലിസ്കോയിലെ ഗ്വാഡലഹാരയിൽ കൂട്ടശവക്കുഴിയിൽ 25 ഓളം മനുഷ്യരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗ്വാഡലഹാരയിലെ എൽ സാൾട്ടോ പട്ടണത്തിലെ ഉപയോഗശൂന്യമായ ഫാമിൽ അജ്ഞാത ശവക്കുഴി കണ്ടെത്തിയത്. തുടർന്ന് നടത്തിയ തെരച്ചിലിൽ 25 മനുഷ്യരുടെ മൃതദേഹാവശിഷ്ടങ്ങളും അഞ്ചു ബാഗുകളും കണ്ടെത്തുകയായിരുന്നു.
ബാഗുകൾക്കുള്ളിലും അസ്ഥികൾ കണ്ടെത്തി. വളർത്തുനായകൾ ഇവിടെ നിന്നും മനുഷ്യ അസ്ഥികൾ കണ്ടെത്തിയതിനെ തുടർന്ന് സമീപവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനകൾക്കായി കൊണ്ടുപോയി. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ വർഷം ഇതേവരെ ഹാലിസ്കോയിൽ രഹസ്യമായി മറവ് ചെയ്ത 115 അജ്ഞാത മൃതശരീരങ്ങളാണ് കണ്ടെത്തിയത്. ഇവയിൽ ഭൂരിഭാഗവും മെക്സിക്കോയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഗ്വാഡലഹാരയെ ചുറ്റിപ്പറ്റിയാണ്. കഴിഞ്ഞ അഞ്ച് വർഷമായി പ്രദേശത്ത് മയക്കുമരുന്നു മാഫിയ സംഘങ്ങളുടെ നേതൃത്വത്തിലുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിവരികയാണ്.