തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കാനിരിക്കെ കൊവിഡും ദുരന്തങ്ങളും ഒഴിവാക്കാൻ എക്സൈസിനും പൊലീസിനും ജാഗ്രതാ നിർദേശം. കള്ള് വാങ്ങാനെത്തുന്ന കാരണത്താൽ കൊവിഡ് വ്യാപനം ഉണ്ടാകുന്നത് തടയുന്നതിനുള്ള ആരോഗ്യ സുരക്ഷാ മുൻകരുതലിനൊപ്പം, കള്ളിൽ വീര്യം കൂട്ടാൻ സ്പിരിറ്റും മറ്റ് രാസവസ്തുക്കളും കലർത്തി വിൽപ്പന നടത്തുന്നത് തടയാനും, ഷാപ്പുകളിലും പരിസരത്തും പരിശോധന കർശനമാക്കാനും പൊലീസ് എക്സൈസ് വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകി.
കൊവിഡ് ഭയന്ന് കള്ള് ഷാപ്പുകളിൽ ഇരുന്ന് കുടിക്കാൻ അനുവാദമില്ല.കള്ള് ഷാപ്പുകളിൽ ഭക്ഷണവിതരണവും പാടില്ല. കള്ള് വാങ്ങാനെത്തുന്നവർ കുപ്പി കയ്യിൽ കരുതണം.ഒരുസമയം അഞ്ചിലധികം പേരെ ഷാപ്പിൽ പ്രവേശിപ്പിക്കില്ല.ഒന്നരലിറ്ററിലധികം കള്ള് ഒരാൾക്ക് നൽകാനും പാടില്ല. വിൽപ്പനയ്ക്ക് മുമ്പും പിമ്പും ഷാപ്പും പരിസരവും അണുവിമുക്തമാക്കുകയും, ജീവനക്കാർ മാസ്കും കയ്യുറയും ധരിക്കുകയും വേണം.
ബിവറേജസ് മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ കള്ളിന് ആവശ്യക്കാർ കൂടാൻ സാദ്ധ്യതയുണ്ട്. ഡിമാൻഡ് മുൻനിർത്തി വ്യാജക്കള്ളിന്റെ വിപണനത്തിന് അവസരമുണ്ടാകാത്ത വിധം പാലക്കാട് നിന്നെത്തുന്ന കള്ളിന്റെ വിപണനവും വിതരണവും എക്സൈസ് ഡെപ്യൂട്ടിക്കമ്മിഷണർമാരുടെ പരിശോധനയ്ക്ക് വിധേയമായിരിക്കണമെന്നും എക്സൈസ് കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു.
കള്ളിന്റെ അളവും വീര്യവും സംബന്ധിച്ച് പരിശോധനകൾ ജില്ലാ അടിസ്ഥാനത്തിൽ നടത്തേണ്ടതും, നിശ്ചിത റൂട്ടുകളിൽ നിശ്ചയിച്ച വാഹനങ്ങളിൽ തന്നെയാണ് കളള് എത്തിക്കുന്നതെന്ന് ഹൈവേ പൊലീസുൾപ്പെടെയുള്ള അധികൃതർ പരിശോധിക്കണമെന്നും നിർദേശമുണ്ട്. പാലക്കാട് നിന്നെത്തുന്ന കള്ള് വണ്ടികളിലെ ഡ്രൈവറും ക്ലീനറും കൊവിഡ് പ്രതിരോധ മുൻ കരുതലുകൾ സ്വീകരിക്കണം. മാസ്കും കയ്യുറയും ഇവർക്കും നിർബന്ധമാണ്.