തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിൽ മദ്യശാലകൾ അടഞ്ഞതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്പിരിറ്റ് ലോബികൾ വൻതോതിൽ സ്പിരിറ്റ് എത്തിച്ച് സംഭരിച്ചതായി സൂചന. മദ്ധ്യകേരളത്തിലെയും ദക്ഷിണകേരളത്തിലെയും കുപ്രസിദ്ധ സ്പിരിറ്റ് കടത്തുകാരുടെ നേതൃത്വത്തിൽ കർണാടകയിൽ നിന്നും ഗോവയിൽ നിന്നുമാണ് കന്നാസുകളിൽ നിറച്ച ലക്ഷകണക്കിന് ലിറ്റർ സ്പിരിറ്റ് രഹസ്യ ഗോഡൗണുകളിൽ സംഭരിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂർ ജില്ലകളിലെ രഹസ്യകേന്ദ്രങ്ങളിലാണ് സ്പിരിറ്റ് സംഭരണമുള്ളതായി എക്സൈസ് ഇന്റലിജൻസിന് വിവരം ലഭിച്ചത്.
കൊവിഡിന്റെ തുടക്കത്തിൽ സാനിറ്റൈസർ നിർമ്മാണത്തിനെന്ന പേരിൽ എറണാകുളത്തേക്ക് കടത്തിക്കൊണ്ടുവന്ന വൻ സ്പിരിറ്റ് ശേഖരം ഇവിടെ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇത് കൂടാതെ ലോക്ക് ഡൗൺ കാലത്ത് കായംകുളം കരീലകുളങ്ങരയിൽ നിന്ന് സ്പിരിറ്റും രാസവസ്തുക്കളും കളറുകളും ചേർത്ത് വ്യാജമദ്യം നിർമ്മിക്കുന്ന സംഘത്തെ എക്സൈസും പിടികൂടിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് വാഹന പരിശോധന ശക്തമായിരുന്നെങ്കിലും അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറിലോറികളിലും മറ്റ് ചരക്ക് ലോറികളിലും ഒളിപ്പിച്ചും സാനിറ്റൈസർ നിർമ്മാണത്തിന്റെ മറവിൽ വ്യാജ പെർമ്മിറ്റുകളുപയോഗിച്ചും ലോക്ക് ഡൗൺ കാലത്ത് വ്യാജമദ്യലോബികൾ സ്പിരിറ്റ് സംഭരിച്ചതായാണ് ഇന്റലിജൻസ് കണ്ടെത്തൽ.
സംസ്ഥാനത്തെ പലഗ്രാമ പ്രദേശങ്ങളിലും ലിറ്ററിന് 1500 രൂപ നിരക്കിൽ സ്പിരിറ്റ് നേർപ്പിച്ച് വിറ്റഴിച്ചിട്ടുളള വിവരവും ഇന്റലിജൻസ് റിപ്പോർട്ടിലുണ്ട്. വ്യാജവാറ്റുകാർ ചാരായം ലിറ്ററിന് 2000 രൂപവിലയ്ക്ക് വിറ്റഴിച്ചപ്പോഴാണ് സ്പിരിറ്റ് ലോബികൾ ലാഭക്കൊതിമൂത്ത് ലോക്ക് ഡൗൺ ഇളവോടെ 1500 രൂപയ്ക്ക് ലോക്കൽ കുടിയൻമാർക്കായി സ്പിരിറ്റ് വിറ്റത്. പരമ്പരാഗത ശൈലിയിലുള്ള കള്ള് ഉൽപ്പാദനം സംസ്ഥാനത്ത് വിരളമായ സാഹചര്യത്തിൽ പാലക്കാട് നിന്നെത്തിക്കുന്ന പെർമിറ്റ് കള്ളിനൊപ്പം സ്പിരിറ്റും കൂടി ചേർത്ത് വീര്യം കൂട്ടി കള്ള് ഷാപ്പ് വഴി വിൽപ്പന നടത്താൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പും ഇന്റലിജൻസ് വിഭാഗം എക്സൈസിനും സർക്കാരിനും നൽകിക്കഴിഞ്ഞു.
കൊല്ലം ജില്ലയിലെ ചില മലയോരമേഖലയുൾപ്പെടെയുള്ള ഗ്രാമപ്രദേശങ്ങൾ, ആലപ്പുഴജില്ലയുടെ അതിർത്തിയായ കായംകുളം, ഓച്ചിറ, കരീലകുളങ്ങര, ഹരിപ്പാട്, എറണാകുളം, കോട്ടയം ജില്ലയിലെ ചങ്ങനാശേരി, തിരുവല്ല ഭാഗങ്ങൾ പത്തനംതിട്ട ജില്ലയിലെ കടമ്പനാട്, അടൂർ ,തെങ്ങമം പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് സ്പിരിറ്റ് സംഭരണമുള്ളതായി വിവരമുള്ളത്. ഇവിടങ്ങളിലെ സ്ഥിരം സ്പിരിറ്റ് കടത്തുകാരുൾപ്പെടെ വിൽപ്പനക്കാരും ഇടനിലക്കാരുമടക്കം വലിയൊരു സംഘത്തെ നിരീക്ഷിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.