കണ്ണൂർ: പ്രവാസികളുമായി ദുബായിൽ നിന്നുള്ള ആദ്യ വിമാനം കണ്ണൂരിൽ ഇന്നിറങ്ങും. 180 പ്രവാസികളുമായെത്തുന്ന വിമാനത്തിൽ ആകെ അഞ്ചു ജില്ലകളിൽ നിന്നുള്ളവരുണ്ട്. ഇവരുടെ പരിശോധനയ്ക്കടക്കം എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു.ഇവരെ കൊണ്ടുവരാനായി കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പത്തരയ്ക്ക് വിമാനം പുറപ്പെട്ടു. വൈകിട്ട് 7.10ന് ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ബോയിംഗ് 737 വിമാനം കണ്ണൂരിലിറങ്ങും.
180 യാത്രക്കാരിൽ 109 പേർ കണ്ണൂർ സ്വദേശികളും 47 പേർ കാസർകോട് ജില്ലക്കാരുമാണ്. സാമൂഹിക അകലം പാലിച്ച് 20 പേർ വീതമുള്ള സംഘമായാണ് വിമാനത്തിൽ നിന്നും യാത്രക്കാരെ ഇറക്കുക. തുടർന്ന് റാപ്പിഡ് ടെസ്റ്റ് നടത്തും. ഇതിനായി അഞ്ച് മെഡിക്കൽ ഡെസ്ക്കുകൾ സജ്ജീകരിച്ചിട്ടുണ്ട്.രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേക വഴിയിലൂടെ ആംബുലൻസിൽ ആശുപത്രികളിലേക്ക് മാറ്റും. മറ്റ് യാത്രക്കാർ ഓരോ ജില്ലക്കുമായി ഒരുക്കിയ പ്രത്യേകം ഇരിപ്പിടങ്ങളിലേക്ക് പോകണം. വിവരശേഖരണത്തിനും ക്വാറന്‍റീൻ നിർദ്ദേശങ്ങൾ നൽകുന്നതിനുമായി പത്ത് ഹെൽപ്പ് ഡെസ്ക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.
യാത്രക്കാരുടെ ബാഗേജുകളും ഹാൻഡ് ബാഗുകളും പൂർണമായും അണുവിമുക്തമാക്കും. ഓരോ ജില്ലകളിലേക്കും പോകേണ്ടവർക്കായി പുറത്ത് കെ.എസ്.ആർ.ടി.സി ബസുകളുണ്ടാകും. വീടുകളിൽ നീരിക്ഷണത്തിൽ കഴിയേണ്ട ഗർഭിണികൾ,പ്രായമായവർ,കുട്ടികൾ എന്നിവർക്ക് പോകാൻ പെയ്‌ഡ്ഡ് ടാക്സി സൗകര്യവുമുണ്ടാകും.