nirmala-sitharaman

ന്യൂഡല്‍ഹി: മൂന്നു ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്ര സർക്കാർ ഈ ആഴ്ച അവസാനം പ്രഖ്യാപിച്ചേക്കും. ചെറുകിട-ഇടത്തരം കമ്പനികള്‍ക്ക് വര്‍ക്കിംഗ് ക്യാപിറ്റല്‍ ലോണിനുള്ള ക്രഡിറ്റ് ഗ്യാരണ്ടി സ്‌കീം, കുടിയേറ്റതൊഴിലാളികള്‍ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയതിനാല്‍ പ്രതിസന്ധി നേരിടുന്ന മേഖലകളില്‍ ജീവനക്കാരെ നിലനിര്‍ത്തുന്നതിന് കമ്പനികള്‍ക്ക് ആനുകൂല്യം, അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് പണം നല്‍കുന്ന പദ്ധതികള്‍, തൊഴിലുറപ്പ് പദ്ധതിയിലെ കൂലിവര്‍ദ്ധന തുടങ്ങിയവയാകും പ്രഖ്യാപിക്കുകയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ക്കായി 12 ലക്ഷം കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 7.8 ലക്ഷംകോടി രൂപ കടമെടുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സാമ്പത്തികമേഖലയിലെ ആഘാതം കടുത്തതയായതിനാല്‍ കഴിഞ്ഞയാഴ്ചയാണ് തുക വര്‍ദ്ധിപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അടച്ചിടല്‍മൂലമുള്ള പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ സാമ്പത്തിക ഇടപെടല്‍,ട്രെയിൻ, വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കല്‍, കൊവിഡ് കാര്യമായി ആഘാതമുണ്ടാക്കിയ വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, വാഹനം, വ്യോമയാനം, റിസോർട്ട് തുടങ്ങിയ മേഖലകളെ ഉത്തേജിപ്പിക്കാനുള്ള നടപടികള്‍ എന്നിവയും പാക്കേജിലുണ്ടാകുമെന്നാണ് സൂചന.