hari

മുംബയ്: മുംബയ് ഭീകരാക്രമണകേസിലെ പാക് ഭീകരൻ അജ്മൽ കസബിനെ തിരിച്ചറിയാൻ സഹായിച്ചയാൾക്ക് സഹായവുമായി സംസ്ഥാന ബി.ജെ.പി നേതൃത്വം. കസബിനെ തിരിച്ചറിയാൻ സഹായിച്ച ഹരിശ്ചന്ദ്ര ശ്രീവർധാങ്കർ ഇപ്പോൾ തീർത്തും അവശനിലയിലാണ്. പ്രായാധിക്യവും രോഗപീഡകളാലും അവശനിലയിലായ ഇയാളെ അടുത്തിടെയാണ് വഴിയരികിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. 10 ലക്ഷം രൂപയുടെ ധനസഹായാണ് ഇദ്ദേഹത്തിന് ബി.ജെ.പി പ്രഖ്യാപിച്ചത്.

ഭീകരാക്രമണത്തിനിടെ വെടിയേറ്റ ഇദ്ദേഹം തീവ്രവാദികളിൽ ഒരാളെ ബാഗുകൊണ്ട് അടിക്കുകയും ചെയ്തിരുന്നു.വിചാരണവേളയിൽ ഇദ്ദേഹം കസബിനെ തിരിച്ചറിഞ്ഞിരുന്നു. നാളുകൾ കഴിഞ്ഞതോടെ ഹരിശ്ചന്ദ്ര ശ്രീവർധാങ്കറെ എല്ലാവരും മറന്നു. ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയിലായിരുന്നു. അവശനിലയിലായ ഹരിശ്ചന്ദ്ര ശ്രീവർധാങ്കറിനെ ഡീൻ ഡിസൂസയെന്ന കടയുടമയാണ് തിരിച്ചറിഞ്ഞത്. ഒരു അഗതിമന്ദിരത്തിൽ എത്തിച്ച ശേഷം ഡീൻ വിഷയം മാദ്ധ്യമങ്ങളെ അറിയിച്ചു. അങ്ങനെയാണ് ബി.ജെ.പി സംഭവം അറിഞ്ഞതും സഹായം പ്രഖ്യാപിച്ചതും.