singapore

സിംഗപ്പൂർ: ആളുകൾ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പുതിയ ഐഡിയ അവതരിപ്പിച്ചിരിക്കുകയാണ് സിംഗപ്പൂർ. മഞ്ഞയും കറുപ്പും നിറമുള്ള ഒരു റോബോർട്ട് ' ഡോഗി'നെയാണ് ഇതിനായി തിരഞ്ഞെടുത്തിരുക്കുന്നത്. സിംഗപ്പൂരിലെ ഒരു പാർക്കിലാണ് ആളുകൾ നിയന്ത്രണം ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഈ റോബോട്ടിനെ രംഗത്തിറക്കിയിരിക്കുന്നത്.

ആളുകൾ കൂട്ടം കൂടിനിന്നാൽ അവിടേക്ക് ഓടിയടുക്കും. അപ്പോൾ തന്നെ അധികൃതർക്ക് തത്സമയം വിവരങ്ങൾ ലഭിക്കുകയും ചെയ്യും. അമേരിക്കൻ കമ്പനിയായ ബോസ്റ്റൺ ഡൈനാമിക്സ് നിർമിച്ച ഈ റോബോട്ടിന്റെ പേര് സ്പോട്ട് എന്നാണ്. നാല് കാലുകളുള്ള സ്പോട്ട് ഒരു നായയെ പോലെ ഓടി നടന്ന് നിരീക്ഷിക്കുന്നു. നേരത്തെ റെക്കോർഡ് ചെയ്ത് വച്ച കൊവിഡ് ബോധവത്കരണ സന്ദേശങ്ങളും സ്പോട്ടിലുണ്ട്. ആളുകളെ കാണുമ്പോൾ സ്പോട്ട് ഈ സന്ദേശങ്ങൾ പുറപ്പെടുവിക്കും.

ഈ റോബോട്ടിൽ ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക കാമറകൾ വഴി പാർക്കിൽ എത്ര പേർ ഒത്തു കൂടുന്നെന്നും അവർ നിയന്ത്രണങ്ങൾ ലംഘിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കാനാകും. സ്പോട്ടിന് ഈ കാമറകൾ വഴി ചുറ്റും നടക്കുന്ന കാര്യങ്ങളെല്ലാം സസൂഷ്മം നിരീക്ഷിക്കാൻ കഴിയും. എന്നാൽ കാമറകളിൽ ആളുകളുടെ മുഖം തിരിച്ചറിയാനാകില്ലെന്നും സ്വകാര്യവിവരങ്ങൾ ചോർത്തപ്പെടില്ലെന്നും അധികൃതർ പറയുന്നു.

പരീക്ഷണാടിസ്ഥാനത്തിലാണ് സ്പോട്ടിനെ രംഗത്തിറക്കിയിരിക്കുന്നത്. രണ്ടാഴ്ചക്കാലത്തോളം സ്പോട്ട് പാർക്കിൽ ചുറ്റിത്തിരിയും. കാര്യങ്ങൾ അനുകൂല ഫലം കാണിക്കുകയാണെങ്കിൽ റോബോട്ട് പ്രോഗം കൂടുതൽ വ്യാപിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. ആദ്യം കൊവിഡ് നിയന്ത്രണങ്ങൾ മികച്ച രീതികളിൽ നടത്തിവന്ന രാജ്യങ്ങളിലൊന്നായിരുന്നു സിംഗപ്പൂർ. എന്നാൽ കൊവിഡിന്റെ രണ്ടാം വരവിൽ സിംഗപ്പൂരിന് അടിത്തെറ്റി.

കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു. മാർച്ച് 17 മുതൽ 266ൽ നിന്നും 24,671 ലേക്ക് സിംഗപ്പൂരിലെ കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നു. രോഗികളുടെ എണ്ണം കൂടുന്നതോടെ ടെക്നോളജിയെയാണ് സർക്കാർ ആശ്രയിക്കുന്നത്. കൊവിഡ് രോഗികളുടെ സഞ്ചാരപാത കണ്ടെത്താൻ സഹായിക്കുന്ന കോൺടാക്ട് ട്രേസിംഗ് ആപ്പ് മാർച്ചിൽ സർക്കാർ പുറത്തിറക്കിയിരുന്നു.

ഇനി ഐസൊലഷനിൽ കഴിയുന്ന രോഗികൾക്ക് മരുന്നുകൾ എത്തിക്കാനും സ്പോട്ട് റോബോട്ടിനെ ഉപയോഗിക്കും. ഓടാനും പടികൾ കയറാനുമൊക്കെ സാധിക്കുന്ന സ്പോട്ട്, വീൽഡ് റോബോട്ടുകളെക്കാർ സമർത്ഥമാണെന്ന് സർക്കാർ പറയുന്നു. സ്പോട്ടിനെ വിന്യസിച്ചിരിക്കുന്ന പാർക്കുകളിൽ ഇപ്പോൾ ഒരൊറ്റ റേഞ്ചറുടെ ആവശ്യം മാത്രമേയുള്ളു.