കിളിമാനൂർ: ഗ്രാമീണ മേഖലയുടെ ആശ്രയമായിരുന്ന മൺപാത്ര നിർമ്മാണ മേഖല അതിജീവനത്തിനായി പോരാടുമ്പോഴാണ് കൊവിഡ് എന്ന മഹാമാരി വന്നെത്തുന്നത്. അതോടെ അവശേഷിക്കുന്ന വ്യവസായവും അടച്ചു പൂട്ടലിന്റെ വക്കിലായി. പൊതു ഗതാഗതവും, മാർക്കറ്റുകളും ഇല്ലാതായതോടെ മൺപാത്രങ്ങൾ വിറ്റഴിക്കാൻ പറ്റാത്ത അവസ്ഥയായി. കളിമണ്ണും ലഭിക്കുന്നില്ല.
രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് പ്രദേശം കേന്ദ്രീകരിച്ച് നിരവധി മൺപാത്ര നിർമ്മാണ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു.
മൺപാത്ര നിർമ്മാണത്തിന്റെ പ്രതാപകാലമായിരുന്നു അതെന്ന് പഴമക്കാർ പറയുന്നു. പിന്നീടാണ് മൺപാത്ര നിർമ്മാണ മേഖലയുടെ കഷ്ടകാലം തുടങ്ങുന്നത്.
പ്ലാസ്റ്റിക്, ലോഹ പാത്രങ്ങളുടെ വരവോടെ ആവശ്യക്കാരില്ലാതെ വന്നതോടെ മൺപാത്ര നിർമ്മാതക്കളായ കുശവ സമുദായത്തിലുള്ളവർ മറ്റു മേഖലകൾ തേടി പോയി. മൺ പാത്രം ഉണ്ടാക്കുന്ന " മൂശ "യിൽ ഇപ്പോൾ പൂച്ച ഉറങ്ങുന്നു. പ്ലാസ്റ്റിക്കിന്റെയും ലോഹ പാത്രങ്ങൾ ചൂടാവുമ്പോൾ ഉണ്ടാകുന്ന ദോഷഫലങ്ങളും സർക്കാരിന്റെ ഹരിത പ്രോട്ടോക്കോളും ഒക്കെയായി വീണ്ടും മൺ പാത്രങ്ങളും വ്യവസായവും തിരികെ വന്ന് ജീവിത വസന്തം തീർക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.