high-court-

എറണാകുളം: സമൂഹ മാദ്ധ്യമങ്ങളിലെ വാക്പോരിനെതിരെ ഹൈക്കോടതി. സാമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള വാക്‌പേരുകളും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാൻ സർക്കാർ നിയമ നിർമാണം കൊണ്ടുവരണമെന്ന് ഹൈക്കോടതി പറഞ്ഞു. ഇത്തരം വാക്‌‌യുദ്ധങ്ങള്‍ നിയമവാഴ്ചയെ തകിടം മറിക്കുമെന്നും സമാന്തര സമൂഹങ്ങൾക്ക് കാരണമാകുമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.

ഒരാൾ അപകീർത്തികരമായ ഒരു പോസ്റ്റിട്ടാൽ പോലീസിനെ സമീപിക്കാതെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അതേ രീതിയിൽ തന്നെ പ്രതികരിക്കുന്ന സ്ഥിതിയാണുള്ളത്. ഇത്തരം സാഹചര്യങ്ങളിൽ പൊലീസ് ജാഗരൂഗമാകണമെന്നും നിലവിലെ നിയമങ്ങൾ പ്രകാരം നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. നിയമനിർമാണം ആലോചിക്കുന്നതിന് കോടതി ഉത്തരവ് ചീഫ് സെക്രട്ടറിക്ക് അയച്ചു നൽകണമെന്നും കോടതി നിർദേശിച്ചു.