jail

മുംബയ്: കൊവിഡ് വ്യാപനത്തെ തുടർന്ന് മഹാരാഷ്ട്രയിൽ ജയിലുകളിലുള്ള 50 ശതമാനം തടവുകാരെ വിട്ടയക്കാന്‍ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട ഉന്നതതല സമിതിയുടേതാണ് നിര്‍ദേശം. തടവുകാരെ താത്കാലിക ജാമ്യത്തില്‍ വിട്ടയക്കുന്നതിനോ പരോള്‍ നല്‍കുന്നതിനോ ആണ് നിര്‍ദേശിച്ചിരിക്കുന്നത്.

മുംബയ് ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലിലെ 184 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം. ഏത് തരം തടവുകാരെ വിട്ടയക്കണമെന്നോ വിട്ടയക്കുന്നതിനുള്ള സമയപരിധിയോ നിശ്ചയിച്ചിട്ടില്ല. ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.എ.സയീദ് അദ്ധ്യക്ഷനായ ഉന്നതതല സമിതിയില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സഞ്ജയ് ഛഹന്ദെ, ജയില്‍ ഡി.ജി.പി എസ്.എന്‍.പാണ്ഡെ തുടങ്ങിയവര്‍ അംഗങ്ങളാണ്.

35,239 തടവുകാരാണ് മഹാരാഷ്ട്രയിലെ വിവിധ ജയിലുകളിലുള്ളത്. നിര്‍ദേശം നടപ്പാക്കിയാല്‍ ഇതില്‍ പകുതി പേര്‍ക്ക് പുറത്തുകടക്കാം. കൊവിഡിനെ തുടർന്ന് താത്കാലിക ജാമ്യത്തിന് യോഗ്യരായ തടവുകാര്‍ ബന്ധപ്പെട്ട കോടതികളെ സമീപിച്ച് ഉത്തരവ് നേടേണ്ടതുണ്ടെന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സഞ്ജയ് ഛഹന്ദെ പറഞ്ഞു.