വക്കം: വേനൽ മഴയിൽ വക്കം മങ്കുഴി മാർക്കറ്റ് വെള്ളത്തിലായിട്ടും അധികൃതർക്ക് മിണ്ടാട്ടമില്ല. വെള്ളക്കെട്ടിലിരുന്നുള്ള മത്സ്യ - പച്ചക്കറി കച്ചവടം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. പകർച്ചവ്യാധി ഭീഷണിയും കൊതുകും ദുർഗന്ധവും മാർക്കറ്റിനെ മലീമസമാക്കിയിട്ടും ബന്ധപ്പെട്ടവർ അനങ്ങുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പകർച്ചവ്യാധി പകരുമെന്ന ആരോഗ്യവകുപ്പ് മുന്നറിയിപ്പും അധികൃതർ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. വെള്ളക്കെട്ട് തീരുന്നത് വരെ മാർക്കറ്റ് സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. തുടരെയുള്ള വേനൽമഴ വെള്ളക്കെട്ടിന്റെ ആഴം കൂട്ടുന്നു. വക്കം ജംഗ്ഷനിലെ റോഡിൽ ഇന്റർലോക്ക് പാകിയതിലെ അശാസ്ത്രീയതയും വെള്ളക്കെട്ടിന് കാരണമായി. ഓട നിർമ്മിക്കാതെ മറ്റൊരു പോംവഴിയും ഇല്ലന്ന തിരിച്ചറിവ് ബന്ധപ്പെട്ടവർക്ക് ഇനിയും ഉണ്ടായിട്ടില്ല. വക്കം മങ്കുഴിമാർക്കറ്റിലെ വെള്ളക്കെട്ടിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് ബി.ജെ.പി വക്കം മണ്ഡലം പ്രസിഡന്റ് സജി പറിഞ്ഞു. ഒരു മുൻവിധിയും ഇല്ലാത്ത നിർമ്മാണനങ്ങൾ അഴിമതിക്കെതിരെ പ്രതിഷേധിച്ചിട്ട് കാര്യമില്ലെന്നു അറിയാമെങ്കിലും നിയമപരമായ നടപടിയുമായി ബി.ജെ.പി വക്കം പഞ്ചായത്ത് കമ്മിറ്റി മുന്നോട്ടു പോകുമെന്ന് പ്രസിഡന്റ് സജി ശശിധരൻ അറിയിച്ചു.