'അത്താഴക്കൊട്ടി"ൽ ഉണരുന്ന പുലർച്ചെകൾ. രാത്രികളിലെ ഇഫ്താർ സംഗമങ്ങളും സുഹൂറുകളും... പരിശുദ്ധ ഖുർആൻ അവതരിച്ച റംസാൻ മാസത്തിലെ രാപകലുകൾ ഇങ്ങനെയൊക്കെ ആകേണ്ടതായിരുന്നു. ഇക്കുറി അതെല്ലാം മാറ്റിവച്ച് വിശ്വാസികൾ പ്രാർത്ഥനയുടെ കരുത്തുള്ള ഒരു നിശബ്ദ യുദ്ധത്തിലാണ്. ബദർ യുദ്ധവിജയവും മക്കാ വിജയവും സംഭവിച്ച റംസാൻ മാസത്തിൽ കൊവിഡിനെ തുരത്താനുള്ള യുദ്ധം. പ്രാർത്ഥനകൾ വീടുകളിൽ മാത്രമാക്കി, കൂടിചേരലുകൾ ഒഴിവാക്കി...
റംസാൻ നാളുകളിൽ പ്രാർത്ഥനകൾ നിറയുന്ന പള്ളി അങ്കണങ്ങളെല്ലാം ഇപ്പോൾ വിജനമാണ്. നിസ്കാര സമയങ്ങളിൽ ബാങ്ക് വിളിമാത്രം മുഴങ്ങുന്നു. മുൻ വർഷങ്ങളിൽ പുലർച്ചെ അത്താഴക്കൊട്ടുമായി പല സംഘങ്ങൾ വീടുകൾക്കു മുന്നിൽ കൊട്ടുപാട്ടുമായി എത്തുമായിരുന്നു. സുബഹി നിസ്കാരത്തിനായി ബാങ്കു വിളിക്കുന്നതിനു മുമ്പ് ആളുകളെ ഉണർത്തി ആഹാരം കഴിക്കാൻ പ്രേരിപ്പിക്കാനായി... 'അത്താഴം കൊട്ടുങ്കളോ...പാലും പഴവും പുഴിങ്കളോ ഉമ്മയും വാപ്പയും എഴീങ്കളോ..." എന്നാണ് തെക്കൻ തീര പ്രദേശങ്ങളിലെ ജമാ അത്തുകളിലെ അത്താഴക്കൊട്ടുകാർ പാടിയിരുന്നത്. പ്രദേശികമായി പാട്ടിന് മാറ്റമുണ്ടാകും. മടങ്ങുമ്പോൾ പ്രവാചകനെ പ്രകീർത്തിച്ചുകൊണ്ട് (മൗലീദ് പാരായണം) പോകും. വടക്കൻ കേരളത്തിൽ ചിലയിടങ്ങളിൽ ഉയർന്ന പ്രദേശത്ത് നിന്നും വാദ്യം മുഴക്കുന്ന പതിവുണ്ടായിരുന്നു. കൊട്ട് കേട്ടുണർന്ന് അത്താഴം കഴിച്ചവർ ഇപ്പോൾ ക്ലോക്കിലേയും മൊബൈൽ ഫോണിലേയും അലാറം കേട്ടുണരുന്നു.
വൈകിട്ട് നോമ്പു തുറന്ന ഉടനെയുള്ള മഗ്രിബ് നിസ്കാരത്തിന് പള്ളികളിൽ ഏറെ പേർ എത്തും. നോമ്പുതുറയ്ക്കുള്ളതെല്ലാം പള്ളികളിൽ കാണും. പിന്നെ നിസ്കാരം. അതു കഴിഞ്ഞ് പള്ളികളിൽ തന്നെ ഭക്ഷണം ഉണ്ടാകും. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരും നാനാജാതി മതസ്ഥരും ഒത്തു കൂടുന്ന ഇഫ്താർ സംഗമം നടക്കുന്നതും മഗ്രീബ് നിസ്കാരത്തിന് ശേഷമാണ്. രാത്രി ഇഷാഹ് നിസ്കാരത്തിനു ശേഷമാണ് തറാവീഹ് നിസ്കാരം. മിക്കവാറും പള്ളികളിൽ സ്ത്രീകൾക്കും താറാവീഹ് നിസ്കാരത്തിന് പ്രത്യേക ഇടം ഒരുക്കിയിരിക്കും. പള്ളികളിൽ എത്താൻ കഴിയാത്ത വനിതകൾ ഒരിടത്ത് ഒത്തുകൂടി നിസ്കരിക്കും. ഇപ്പോൾ ഇത്തരം ഒത്തുകൂടലില്ല, പകരം കുടുംബാംഗങ്ങൾ വീട്ടിൽ നിസ്കരിക്കും. മുതിർന്ന ആൾ നേതൃത്വം നൽകും. ഇങ്ങനെ കിട്ടുന്ന അവസരവും ഭാഗ്യമായിട്ടാണ് വിശ്വാസികൾ കരുതുന്നത്.