റോം : ഇറ്റലിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണം ആദ്യമായി ആയിരത്തിൽ താഴെയെത്തി. 999 പേരാണ് ഇപ്പോൾ ഇറ്റലിയിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയുന്നത്. മാർച്ച് 10ന് ശേഷം ഇതാദ്യമായാണ് രോഗികളുടെ എണ്ണത്തിൽ ഇത്രയും കുറവനുഭവപ്പെടുന്നത്.
നിലവിൽ 82,488 കൊവിഡ് രോഗികളാണ് ഇറ്റലിയിലുള്ളത്. ഇവരിൽ 13,539 പേർ ആശുപത്രിയിൽ കഴിയുകയാണെങ്കിലും ആരോഗ്യനില തൃപ്തികരമാണ്. 67,950 പേർ വീടുകളിൽ ഐസൊലേഷനിൽ കഴിയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 179 മരണമാണ് ഇറ്റലിയിൽ രേഖപ്പെടുത്തിയത്. കൂടുതൽ മരണവും ലൊംബാർഡി മേഖലയിലാണുണ്ടായത്.
ഇറ്റലിയിൽ ആകെ 30,739 മരണങ്ങൾ റിപ്പോർട്ട് ചെയ്തതിൽ 15,054 പേർക്ക് ജീവൻ നഷ്ടമായത് ലൊംബാർഡിയിലാണ്. സാർഡിനിയ, ബസിലികാറ്റ, മോലിസ്, യൂംബ്രിയ തുടങ്ങിയ പ്രവിശ്യകളിൽ മരണമൊന്നും രേഖപ്പെടുത്താത്തത് ആശ്വാസമേകുന്നു. 744 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. മേയ് 4 മുതൽ ഇറ്റലിയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി വരികയാണ്. അടുത്ത ആഴ്ചയോടെ മ്യൂസിയം, സാംസ്കാരിക കേന്ദ്രങ്ങൾ, പള്ളികൾ, ലൈബ്രറികൾ തുടങ്ങിയവയും നിബന്ധനകളോടെ തുറക്കും. യൂറോപ്പിൽ കൊറോണ വൈറസിന്റെ ഹോട്ട്സ്പോട്ടായിരുന്ന ഇറ്റലിയിൽ ഇതേവരെ 219,814 പേർക്കാണ് കൊവിഡ് 19 ബാധിച്ചത്. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനമാണ് ഇറ്റലിയ്ക്ക്.